ഈ മാനസികാവസ്ഥ കൊണ്ടാണ് ഇന്ത്യയിലെ കോടതികള്‍ ഇപ്പോഴും ജീര്‍ണ്ണിച്ച ഘടനകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്; കേന്ദ്ര നിയമ മന്ത്രി വേദിയിലിരിക്കെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ
ന്യൂദല്‍ഹി: കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു വേദിയിലിരിക്കെ ജുഡീഷ്യറിയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.
കോടതിയുടെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ച അദ്ദേഹം ദേശീയ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതോറിറ്റി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും നിയമമന്ത്രിയോട് ആവശ്യപ്പെട്ടു.
”ഇന്ത്യയിലെ കോടതികള്‍ക്കായുള്ള ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എല്ലായ്‌പ്പോഴും വൈകിയുണ്ടാകുന്ന ചിന്തയാണ്. ഈ മാനസികാവസ്ഥകൊണ്ടാണ് ഇന്ത്യയിലെ കോടതികള്‍ ഇപ്പോഴും ജീര്‍ണ്ണിച്ച ഘടനകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് കോടതികള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു,” അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള നിര്‍ദ്ദേശം താന്‍ കേന്ദ്ര നിയമമന്ത്രിക്ക് അയച്ചിട്ടുണ്ടണ്ടെന്നും ഉടന്‍ തന്നെ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നതായും കേന്ദ്ര നിയമമന്ത്രി നടപടികള്‍ വേഗത്തിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ബോംബെ ഹൈക്കോടതിയില്‍ നടന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പങ്കെടുത്തിരുന്നു.