Weather Updates
സംസ്ഥാനത്ത് അതിതീവ്ര മഴയെത്തുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ജാഗ്രത നിർദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 18, 08:33 am
Saturday, 18th May 2024, 2:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പുതിയ റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. ഇന്ന് മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ തന്നെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ വീണ്ടും ശക്തിപ്പെടുമെന്നതിനാലാണ് മുന്നറിയിപ്പില്‍ മാറ്റം വന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും അതിതീവ്ര മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ ലഭിച്ചേക്കുമെന്നും അറിയിപ്പുണ്ട്.

അതിതീവ്ര മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Content Highlight: latest weather updates in kerala