അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് സൺ‌ഡേ ഹോളിഡേയോട് ഞാൻ ഓക്കെ പറഞ്ഞത്: ലാൽജോസ്
Entertainment
അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് സൺ‌ഡേ ഹോളിഡേയോട് ഞാൻ ഓക്കെ പറഞ്ഞത്: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th July 2024, 1:24 pm

ജിസ് ജോയിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി വലിയ വിജയമായ ചിത്രമായിരുന്നു സൺ‌ഡേ ഹോളിഡേ. ആസിഫ് അലി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, സിദ്ദിഖ്, ശ്രീനിവാസൻ തുടങ്ങി വലിയ താരനിര ഒന്നിച്ചിരുന്നു.

സംവിധായകൻ ലാൽജോസും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഈയിടെയായി അഭിനയത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സംവിധായകനാണ് ലാൽജോസ്. എന്നാൽ തനിക്ക് അഭിനയവും പറ്റുമെന്ന ആത്മവിശ്വാസം വരുന്നത് സൺ‌ഡേ ഹോളിഡേയിലൂടെയാണെന്നും ശ്രീനിവാസൻ ഉള്ളതുകൊണ്ടാണ് താൻ സിനിമയിൽ അഭിനയിച്ചതെന്നും ലാൽജോസ് പറയുന്നു.

ശ്രീനിവാസനൊപ്പം സഹ സംവിധായകനായും സംവിധായകനായുമെല്ലാം സിനിമ ചെയ്ത തനിക്ക് അദ്ദേഹത്തോടൊപ്പം ഒന്നിച്ച് അഭിനയിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നുവെന്നും ലാൽജോസ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു ലാൽജോസ്.

‘സൺ‌ഡേ ഹോളിഡേ എന്ന പടമാണ് ചെറിയ വേഷങ്ങളൊക്കെ വേണമെങ്കിൽ എനിക്ക് ചെയ്യാമെന്ന ഓരു തോന്നൽ ഉണ്ടാക്കുന്നത്. എനിക്കങ്ങനെ അഭിനയിക്കാൻ പറ്റുമെന്ന ആത്മവിശ്വാസമൊക്കെ കിട്ടിയത് ആ സിനിമയിൽ നിന്നാണ്.

ഞാൻ ആ ചിത്രം സമ്മതിക്കാൻ തന്നെ കാരണം ശ്രീനിയേട്ടന്റെ കൂടെ അഭിനയിക്കുന്നു എന്നതുകൊണ്ടാണ്. കാരണം അതൊരു യാത്രയുടെ പൂർത്തികരണമാണ്. കാരണം അദ്ദേഹത്തിന്റെ പടങ്ങളിൽ ഞാൻ സഹ സംവിധായകനായി വർക്ക്‌ ചെയ്തു, പിന്നെ അദ്ദേഹത്തിന്റെ തിരക്കഥയിൽ ഞാൻ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

അതുപോലെ ഞാൻ ചെയ്ത സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അറബികഥയൊക്കെ ചെയ്തു. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുകയെന്നത് എന്റെ ആഗ്രഹമായിരുന്നു.

അതാണ് ജിസ് ജോയ് പറഞ്ഞപ്പോൾ ആ സിനിമയോട് ഞാൻ ഓക്കെ പറയാൻ കാരണം. അത് ജീവിതത്തിന്റെ രസകരമായ ഒരു ആഗ്രഹ പൂർത്തികരണമാണ്,’ലാൽജോസ് പറയുന്നു.

 

Content Highlight: Laljose About Sunday Holiday Movie And Sreenivasan