ധനുഷ് ഉണ്ടെങ്കിൽ പോലും ആ ചിത്രത്തിലെ നായകൻ ഞാൻ ആണ്: ലാൽ
Entertainment
ധനുഷ് ഉണ്ടെങ്കിൽ പോലും ആ ചിത്രത്തിലെ നായകൻ ഞാൻ ആണ്: ലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 6:48 pm

ധനുഷ് ഉണ്ടെങ്കിൽ കൂടിയും കർണൻ എന്ന ചിത്രത്തിലെ നായകൻ താനാണെന്ന് പറയുകയാണ് നടൻ ലാൽ. കർണൻ എന്ന ചിത്രം താനാണ് സംവിധാനം ചെയ്തിരുന്നതെങ്കിൽ യെമ രാജ എന്ന തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റ് ഭാഷകളിൽ നിന്നും നടൻമാരെ വിളിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിനു നലകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ടാണ് കർണനിലെ വേഷം ചെയ്യാൻ എന്നെ തെരഞ്ഞെടുത്തതെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയാണെങ്കിൽ അത്രയും പവർഫുൾ ആയിട്ടുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റൊരു ഭാഷയിൽ നിന്നും നടൻമാരെ കൊണ്ടുവരില്ല. തമിഴിൽ നാടൻമാരില്ലാത്തതുകൊണ്ടല്ല. അവിടെ പ്രകാശ് രാജ്, നാസർ തുടങ്ങിയ മികച്ച നടന്മാരൊക്കെ ഉണ്ട്. അത് അത്രയും പവർഫുൾ ആയിട്ടുള്ള കഥാപാത്രമാണ്. ധനുഷ് ഉണ്ടെങ്കിൽ കൂടിയും ആ ചിത്രത്തിലെ നായകൻ ഞാൻ ആണെന്ന് വേണമെങ്കിൽ പറയാം.

എന്തുകൊണ്ടാണ് എന്നെ ഈ വേഷം ചെയ്യാൻ തെരഞ്ഞെടുത്തതെന്ന് ഞാൻ ചിത്രത്തിന്റെ സംവിധായകൻ മാരി സെൽവരാജിനോട് ചോദിച്ചു. അയാൾ തിരുനെൽവേലിക്കാരൻ തന്നെയാണ്. അവിടുത്തെ ജാതി സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും അയാൾക്കറിയാം. അവിടെയുള്ള സാധാരണക്കാരനായിട്ട് പ്രകാശ് രാജിനെയോ ധനുഷിനെയോ കാണാൻ സാധിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു. ഞാൻ ആണെങ്കിൽ കറക്ട് ആയിരിക്കുമെന്ന് അയാൾക്ക് തോന്നിയെന്ന് എന്നോട് പറഞ്ഞു. അതൊരു ഒഴുക്കൻ മറുപടി ആയിട്ട് എനിക്ക് തോന്നി. എങ്കിലും ഞാൻ ആ മറുപടിയിൽ വിശ്വസിച്ചിട്ടില്ല. എന്നെ സംബന്ധിച്ചെടുത്തോളം ഒരു ഭാഗ്യമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത്. എന്റെ അഭിനയ ജീവിതത്തിലെ വിരലിൽ എണ്ണാവുന്ന മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്,’ ലാൽ പറഞ്ഞു.

താൻ സംവിധായകൻ മണിരത്നത്തിന്റെ വലിയ ആരാധകൻ ആണെന്നും ‘കണ്ണത്തിൽ മുത്തമിട്ടാൾ’ എന്ന ചിത്രം പരാജയപ്പെട്ടതിൽ തനിക്ക് വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മണിരത്നത്തിന്റെ വലിയ ആരാധകനാണ്. അഗ്നിനക്ഷത്രം എന്ന ചിത്രം ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ചിലപ്പോൾ ആ ചിത്രത്തേക്കാൾ കൂടുതൽ ഞാൻ കണ്ടത് യവനികയാകാനേ സാധ്യതയുള്ളൂ. യവനിക ഞാൻ ഒരു 80 തവണ കണ്ടിട്ടുണ്ടാകും. ഏകദേശം അത്രയും തവണ തന്നെ ഞാൻ അഗ്നി നക്ഷത്രം കണ്ടിട്ടുണ്ട്. അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ എന്റെ ആഗ്രഹമാണ് മണിരത്നം സിനിമകളിൽ അഭിനയിക്കുക എന്നുള്ളത്. കണ്ണത്തിൽ മുത്തമിട്ടാൾ എന്ന ചിത്രം എനിക്ക് വളരെ ഇഷ്ട്ടമാണ്. ആ ചിത്രം തമിഴ് നാട്ടിൽ പരാജയം ആയിരുന്നെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി. ഇത്രയും നല്ലൊരു സിനിമ എന്തുകൊണ്ട് പരാജയം ആയെന്ന് എനിക്കറിയില്ല. അപ്പോൾ എനിക്ക് അദ്ദേഹത്തോട് അതിനെപ്പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു.

ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ മുതൽ എനിക്ക് സുഹാസിനിയെ പരിചയമുണ്ട്. എനിക്ക് മണിരത്നം സാറിനോട് സംസാരിക്കാൻ തലപര്യമുണ്ടെന്ന് സുഹാസിനിയോട് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ചിത്രം ഇഷ്ട്ടമായെന്ന് പറഞ്ഞു. അതിനൊപ്പം എന്തുകൊണ്ടാണ് ‘കണ്ണത്തിൽ മുത്തമിട്ടാൾ’ വിജയിക്കതെ പോയതെന്ന് അദ്ദേഹത്തോട് ചോദിച്ചു. അതെ തമിഴ് നാട്ടിൽ, പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് തന്നെയാണ് അദ്ദേഹവും പറഞ്ഞത്.

സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറയുകയും ചെയ്തു. പുതിയ പ്രൊജക്റ്റ് വരുമ്പോൾ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു,’ ലാൽ പറഞ്ഞു.

Content Highlights: Lal on Karnan movie