കൊച്ചി: ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്ന് ഹൈക്കോടതി. കോടതിയ്ക്ക് അന്വേഷിക്കാന്‍ അതിന്റേതായ വഴികളുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി പറഞ്ഞു.
പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതായിരുന്നു പരാമര്‍ശം.
അതേസമയം ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേല്‍.
ലക്ഷദ്വീപില്‍ പ്രതിഷേധം പുകയുന്നതിനിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.