Advertisement
World News
എല്‍.എ.സി നിയന്ത്രണ രേഖയില്‍ സൈന്യത്തെ വിന്യസിക്കുന്ന നടപടികളിലേക്ക് കടക്കും: എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 05, 04:11 pm
Tuesday, 5th November 2024, 9:41 pm

ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ എല്‍.എ.സി കരാറുമായി ബന്ധപ്പെട്ട പട്രോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സൈന്യത്തെ വിന്യസിക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് വിദേശകാര്യ മന്ത്രി.

ഇന്ത്യ പ്രാഥമിക പരിശോധനകള്‍ നടത്തിയെന്നും വരും ദിവസങ്ങളില്‍ യഥാര്‍ത്ഥ പട്രോളിങ് നടപടികള്‍ പുനരാരംഭിക്കുമെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ബാസിയുമായി നടത്തിയ സംവാദത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.

എല്‍.എ.സി രേഖയില്‍ ഡീ-എസ്‌ക്കലേഷന്‍ നടത്തുമെന്നും സൈന്യത്തെ വിന്യസിക്കുന്നതിനെ സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ അത്യാവശ്യമാണെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോങ് മേഖലയില്‍ പട്രോളിങ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും കരാറിലെത്തിയിരുന്നു. കരാറില്‍ ഒപ്പിട്ടതോടെ ഇരു രാജ്യത്തെയും സൈന്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

കിഴക്കന്‍ ലഡാക്കിലെ ഡെംപ്സാങ്, ഡെംചോക്ക് അതിര്‍ത്തിയില്‍ പട്രോളിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി നേരത്തെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

ഇരു വശത്തുമുള്ള സൈന്യത്തെ പിരിച്ചുവിടുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയും ഒക്ടോബര്‍ 28, 29 തീയ്യതികളോടെ പൂര്‍ത്തിയാക്കുകയാണുണ്ടായത്.

കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സാങ്ങിലെയും ഡെംചോക്കിലെയും സൈന്യത്തെ പിരിച്ചുവിടുന്നത് ആദ്യ നടപടിയാണെന്നും 2020ലെ പട്രോളിങ് നിലയിലേക്ക് ഇന്ത്യ തിരിച്ചെത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

2020ല്‍ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈന്യങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ആദ്യ കരാര്‍ കൂടിയാണിത്. ഈ കരാറിനനുസരിച്ച് ഡെംചോങ്ങിനും ഡെപ്സാങ്ങിനും മാത്രമേ സാധുതയുള്ളൂവെന്നും മറ്റ് സ്ഥലങ്ങളില്‍ ഇത് ബാധകമല്ലെന്നുമാണ് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളില്‍ വന്നത്.

Content Highlight: LAC will embark on deployment of troops along the Line of Control: S. Jaya Shankar