Football
യൂറോപ്പിലെ ഏകാധിപതി; ഈ സീസണിൽ എതിരാളികളില്ലാതെ ഒന്നാമൻ ഈ ഫ്രഞ്ച് വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 08, 07:32 am
Thursday, 8th February 2024, 1:02 pm

ഫ്രഞ്ച് കപ്പില്‍ പാരീസ് സെയ്ന്റ് ജെര്‍മെന് തകര്‍പ്പന്‍ വിജയം. ബ്രസ്റ്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ പി.എസ്.ജിക്കായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ നടത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും എംബാപ്പെയെ തേടിയെത്തി.

യൂറോപ്പ്യന്‍ ടോപ് ഫൈവ് ലീഗില്‍ 2023-24 സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 30+ ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. 29 മത്സരങ്ങളില്‍ നിന്നുമാണ് ഫ്രഞ്ച് താരം ഈ നേട്ടം സ്വന്തമാക്കിയത്.

പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് പി. എസ്.ജി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-1-1-1-2 എന്ന ശൈലിയാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 34ാം മിനിട്ടില്‍ കിലിയന്‍ എംബാപ്പെയാണ് പാരീസിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. 37ാം മിനിട്ടില്‍ ഡാനിലോ പെരേര പാരീസിനായി രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയര്‍ മുന്നിട്ടുനിന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗോണ്‍ സാലോ റാമോസ് പാരീസിനായി മൂന്നാം ഗോള്‍ നേടി. 65ാം മിനിട്ടില്‍ സ്റ്റീവ് മൗനിയിലൂടെയായിരുന്നു സന്ദര്‍ശകരുടെ ആശ്വാസഗോള്‍ പിറന്നത്.

ഫ്രഞ്ച് ലീഗില്‍ ഫെബ്രുവരി 11ന് ലോസ്‌ക്കിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയമാണ് വേദി.

Content Highlight: Kylian Mbappe create a new record.