കുട്ടനാട്ടില്‍ ചെറിയ പിശകുണ്ട്, തെറ്റായ ഒരു പ്രവണതയെയും വെച്ച് പൊറുപ്പിക്കില്ല: എം.വി.ഗോവിന്ദന്‍
Kerala News
കുട്ടനാട്ടില്‍ ചെറിയ പിശകുണ്ട്, തെറ്റായ ഒരു പ്രവണതയെയും വെച്ച് പൊറുപ്പിക്കില്ല: എം.വി.ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 5:58 pm

കുട്ടനാട്: കുട്ടനാട്ടില്‍ നിലനില്‍ക്കുന്ന വിഭാഗീയതയെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കുട്ടനാട്ടില്‍ ചെറിയ പിശകുണ്ടെന്ന് തനിക്ക് മനസിലായെന്നും അത് വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടനാട്ടില്‍ എത്തിച്ചേര്‍ന്ന സി.പി.ഐ.എം പ്രതിരോധ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുട്ടനാട്ടില്‍ ചെറിയ പിശകുണ്ട്. അതെനിക്ക് മനസിലായി. കുട്ടനാടിന്റെ പിശക് തീര്‍ത്താലെ കുട്ടനാട് കുട്ടനാടായി നില്‍ക്കുകയുള്ളൂ. പണ്ടത്തെ പാരമ്പര്യം പറഞ്ഞാല്‍ നടക്കില്ല. ഇത്രയും കാലം പറഞ്ഞത് തടിക്ക് പിടിച്ചില്ല. ഇനി പറയാന്‍ പോകുന്നത് തടിക്ക് പിടിക്കുന്നതാണ്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

തെറ്റായ ഒരു പ്രവണതയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരായാലും ശരിയല്ലാത്ത നിലപാട് വെച്ച് പുറപ്പിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഒരു വിട്ടുവീഴ്ചയും ചെയ്യുമെന്ന തെറ്റിദ്ധാരണ വേണ്ട. ശരിയായ പ്രവര്‍ത്തനം നടന്നാല്‍ പാര്‍ട്ടി തഴച്ച് വളരും,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലം കുറേ വിഭാഗീയതകള്‍ കണ്ട പാര്‍ട്ടിയാണിതെന്നും അതിന്റെ ഭാഗമായി നല്ല കേഡര്‍മാര്‍ ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയില്‍ മാറി നില്‍ക്കുകയോ സജീവമാകാതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അത്തരം കേഡര്‍മാറെയും സഖാക്കളെയും തിരിച്ച് കൊണ്ട് വരുമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടനാട്ടില്‍ കുറച്ച് നാളുകളായി വിഭാഗീയത നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ കീഴ് കമ്മിറ്റികളില്‍ നിന്നും പലരും പാര്‍ട്ടി വിട്ട് പോയിരുന്നു.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന പ്രതിരോധ ജാഥ ആലപ്പുഴയില്‍ എത്തിനില്‍ക്കുകയാണ്.

content highlight: Kuttanad has little error, no wrong trend will be tolerated: MV Govindan