ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് കുറുപ്പ്. അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ആദ്യദിന കളക്ഷനടക്കം നിരവധി റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നത്.
അന്‍പത് കോടി ക്ലബ്ബിലും കയറിയ ചിത്രം വമ്പന്‍ ലാഭമാണ് പല തിയേറ്ററുകള്‍ക്കും ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. എന്നാല്‍ ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തിയേറ്ററുകള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഫിയോക്കിനായിരുന്നു ഇവര്‍ പരാതി നല്‍കിയത്. നിര്‍മാതാക്കളോടും കുറുപ്പ് സിനിമയോടും തിയേറ്റര്‍ ഉടമകള്‍ വഞ്ചന കാണിച്ചെന്നായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയായ വേഫെററിന്റെ പ്രധാന പരാതി.
സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് 50 ശതമാനം മാത്രം ആളുകളെ വെച്ചായിരിക്കണം ചിത്രം പ്രദര്‍ശിപ്പിക്കേണ്ടത്. എന്നാല്‍ പല തിയേറ്ററുകളും ഇതിന് വിരുദ്ധമായി 50 ശതമാനത്തിലധികം ആളുകളെ ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനം നടത്തുകയാണെന്നും, അതുവഴി കൊള്ളലാഭമാണ് ഇവര്‍ കൈക്കലാക്കിയതെന്നാണ് വേഫെറര്‍ ഫിലിംസ് പറയുന്നത്.
തിയേറ്ററുകാരും ഫിലിം റെപ്രെസെന്ററ്റീവ്‌സും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ബാക്കിപത്രമാണ് ഇതെന്നും, കോടികളാണ് അവര്‍ വെട്ടിച്ചെടുത്തതെന്നും ഫിയോക് പ്രസിഡന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു.
ഈ വിഷയത്തില്‍ കൃത്യമായി ഇടപെട്ടതിന് ഫിയോക്കിന് നന്ദി പറയുകയാണ് കുറുപ്പ് ടീം. എന്നും തീയറ്ററുകാരോടൊപ്പം പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുവാനാണ് താല്പര്യമെന്നും കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ
ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.