തോല്‍പ്പിക്കാനാവില്ല, കൊഴുമ്മല്‍ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്; ചെ ആയി കുഞ്ചാക്കോ
Movie news
തോല്‍പ്പിക്കാനാവില്ല, കൊഴുമ്മല്‍ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്; ചെ ആയി കുഞ്ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th August 2022, 8:25 pm

മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം പുരോഗമിക്കുകയാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്.

ചിത്രം റിലീസ് ചെയ്ത ഓഗസ്റ്റ് 11ന് പുറത്തുവന്ന പോസ്റ്റര്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.

ഇതിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

ഇതിന് പിന്നാലെ സിനിമയുടെ യു.കെ, അയര്‍ലന്‍ഡ് തിയേറ്റര്‍ ലിസ്റ്റ് പോസ്റ്ററില്‍ ‘തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ല എന്നാലും വന്നേക്കണേ’ എന്ന ക്യാപ്ഷന്‍ ഉള്‍കൊള്ളിച്ചതും ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ വീണ്ടും വ്യത്യസ്തമായ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്’ ടീം. കുഞ്ചാക്കോ ബോബനെ ചെഗുവേരയുമായി സാമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്.

‘കൊഴുമ്മല്‍ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്. നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും. വരിക വരിക കൂട്ടരേ, നിങ്ങളുടെ സമീപമുള്ള തിയേറ്ററുകളില്‍’ എന്ന കുറിപ്പോടു കൂടി കുഞ്ചാക്കോ ബോബന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

അതേസമയം, കാസര്‍ഗോഡാണ് ന്നാ താന്‍ കേസ് കൊടിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവര്‍ത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മല്‍ രാജീവന്‍.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മാതാവ് സന്തോഷ് ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്.