തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജന്മഭൂമി, ചന്ദ്രിക, മാധ്യമം തുടങ്ങിയ മലയാള പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മന്ത്രി കെ. ടി ജലീല്‍. മന്ത്രിയുടെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞായറാഴ്ച ബി.ജെ.പി മുഖപത്രമായ ജന്മഭൂമി നല്‍കിയ വാര്‍ത്ത തിങ്കളാഴ്ച ലീഗ് മുഖപത്രമായ ചന്ദ്രിക നല്‍കുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ലെന്നായിരുന്നു ജലീല്‍ പറഞ്ഞത്. മാധ്യമവും സമാനമായ വാര്‍ത്തയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തെന്നും അതില്‍ നിര്‍ണായക തെളിവുകളുണ്ടെന്നുമാണ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. എത്ര ചികഞ്ഞെടുത്താലും ഇല്ലാത്ത ഒന്ന് ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും ജലീല്‍ പറഞ്ഞു.
മതത്തിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നടത്തിയും ബിസിനസ്സുകള്‍ സംഘടിപ്പിച്ചും ആര്‍ഭാടജീവിതം നയിക്കുന്ന ജമാഅത്തെ ഇസ്ലാമി-ബി.ജെ.പി-ലീഗ് നേതാക്കളെപ്പോലെയാണ് ഇടതുപക്ഷത്തുള്ളവരെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തെന്നും അതില്‍ ചില നിര്‍ണ്ണായക വിവരങ്ങളുണ്ടെന്നുമൊക്കെയാണല്ലോ പ്രചരണം. ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും, ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എന്നും എന്റെ ആത്മധൈര്യം. കൂടെയുള്ളവരുടെ ഫോണ്‍ ഉപയോഗിച്ച് അവിഹിതം ചെയ്യുന്ന മുഖ്യനും മന്ത്രിമാരും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഈ സര്‍ക്കാരില്‍ അത്തരക്കാരുണ്ടാകുമെന്ന പൂതി മനസ്സില്‍ വെച്ചാല്‍മതി. മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും നടത്തുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ട് നമ്പറുകളിലേക്ക് വഴിയേ പോകുന്നവന്‍ ഒന്നെത്തിനോക്കിയാല്‍ ഉരിഞ്ഞു വീഴുന്നതേയുള്ളൂ അക്കൂട്ടരുടെ പകല്‍മാന്യതയുടെ മൂടുപടം,’ ജലീല്‍ പറഞ്ഞു.
എല്ലാ ഇലക്ട്രോണിക് തെളിവുകളുമുണ്ടായിട്ടും ഒരു ഭയവും കൂടാതെ മുന്നോട്ട് പോകുന്നത് കണിക പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും വേരുകള്‍ തേടിയുള്ള ഏതൊരാളുടെയും അന്വേഷണയാത്ര ചെന്നെത്തുക ലീഗ്-ജമാഅത്തെ ഇസ്ലാമി-ബി.ജെ.പി നേതാക്കളുടെ വീട്ടുമുറ്റത്തും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ അകത്തളങ്ങളിലുമായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ലീഗിലുണ്ടായിരുന്ന കാലത്ത് അഥവാ എല്ലാ തട്ടിപ്പും വെട്ടിപ്പും പറ്റിപ്പും ഹലാലാക്കപ്പെട്ട (അനുവദനീയമാക്കപ്പെട്ട) കാലത്ത് കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരഞ്ചുപൈസയുടെ ക്രമക്കേട് ഞാന്‍ നടത്തിയതായി കണ്ടെത്താനായിട്ടില്ല. എന്നിട്ടല്ലേ വി. മുരളീധരന്റെയും സുരേന്ദ്രന്റെയും ബൈനോക്കുലര്‍ വെച്ചുള്ള ഇപ്പോഴത്തെ നോട്ടമെന്നും ജലീല്‍ ചോദിക്കുന്നു.
താന്‍ നല്‍കിയ താന്‍ സമര്‍പ്പിച്ച അക്കൗണ്ട് ഡീറ്റെയില്‍സും ടെലിഫോണ്‍ വിശദാംശങ്ങളും ഏതന്വേഷണ ഏജന്‍സിക്കും മുടിനാരിഴ കീറി പരിശോധിക്കാമെന്ന് ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക