ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി; തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം
Kerala News
ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി; തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 4:57 pm

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല കൊല്ലയില്‍ പഞ്ചായത്തിലാണ് ആദ്യത്തെ വണ്ടിയുടെ ഫളാഗ് ഓഫ് നടന്നത്.

ധനുവച്ചപുരം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെ.എസ്.ആര്‍.ടി.സി നല്‍കും. കേരളത്തിലെ ഉള്‍നാടന്‍ മേഖലയിലെ പൊതുഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഗ്രാമപ്രദേശങ്ങള്‍, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കെ.എസ്.ആര്‍.ടി.സിയുടെ ഗ്രാമവണ്ടി സര്‍വ്വീസ്.

ഉള്‍പ്രദേശങ്ങളിലേക്ക് ഇന്ധന ചിലവിന് പോലും വരുമാനമില്ലാത്ത സര്‍വ്വീസുകളാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആക്കി മാറ്റുന്നത്. ഈ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസല്‍, ജീവനക്കാരുടെ താമസം, പാര്‍ക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കും.

കേരളത്തിലെ തെക്കേ അറ്റത്തെ പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയില്‍ പഞ്ചായത്തില്‍ ആരംഭം കുറിക്കുന്ന ഗ്രാമവണ്ടി പദ്ധതി മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലും ഉടനെ ആരംഭിക്കും. തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടെ നിരവധി തദ്ദേശസ്ഥാപനങ്ങള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നതായാണ് വിവരം.

പാറശാല എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകര്‍ ഐ.എ.എസ്, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content Highlight: KSRTC village service started from today