Advertisement
Kerala News
അടിമുടി മാറ്റങ്ങളുമായി കെ.എസ്.ആര്‍.ടി.സി; ബജറ്റ് ടൂറിസം വ്യാപിപ്പിക്കാനും ഡിജിറ്റല്‍ പേയ്മെന്റ് നടപ്പിലാക്കാനും ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 16, 08:59 am
Sunday, 16th March 2025, 2:29 pm

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമായി ഡിജിറ്റല്‍ പേയ്മെന്റ് നടപ്പിലാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സിയും. ഒരു മാസത്തിനകം തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റ് നടത്തുന്ന രീതിയായിരിക്കും അവലംബിക്കുക.

നേരത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിരുന്നു. തുടര്‍ന്ന് മികച്ച പ്രതികരണങ്ങളാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. ഇതോടെയാണ് ഡിജിറ്റല്‍ സേവനം സംസ്ഥാനത്താകമാനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ച് പേയ്മെന്റ് നടത്താന്‍ കഴിയുന്ന പുതിയ ടിക്കറ്റ് മെഷീനുകള്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്. ഈ ടിക്കറ്റ് മെഷീനുകളില്‍ നിന്ന് വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാം. ഇതിനോടൊപ്പം പണം നല്‍കി ടിക്കറ്റെടുക്കുന്ന രീതിയും യാത്രക്കാര്‍ക്ക് തുടരാവുന്നതാണ്.

ഇതിനുപുറമെ വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കിയും കെ.എസ്.ആര്‍.ടി.സി സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബജറ്റ് ടൂറിസത്തിനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ രണ്ട് ദിവസത്തേക്കായിരിക്കും സഞ്ചാരികള്‍ക്ക് ബജറ്റ് സ്റ്റേ ലഭിക്കുക.

സ്വകാര്യ സംരംഭകരുമായി പദ്ധതി വിപുലീകരിക്കാനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സൗകര്യവും പദ്ധതിക്കായി ഉപയോഗിക്കും.

നിലവില്‍ സുല്‍ത്താന്‍ ബത്തേരി, നെല്ലിയാമ്പതി, വാഗമണ്‍, മറയൂര്‍ എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് സ്റ്റേ ലഭ്യമാണ്. ഇത് കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

ബജറ്റ് ടൂറിസത്തിന് വേണ്ടി കെ.എസ്.ആര്‍.ടി.സി വെബ്‌സൈറ്റ് തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ ടൂര്‍ ലിസ്റ്റില്‍ തിരുപ്പതി, ധനുഷ്‌ക്കോടി, മൈസൂരു, കൊടൈക്കനാല്‍, ഊട്ടി എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തും. 2021 നവംബറിലാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ആരംഭിച്ചത്.

അടുത്തിടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പളം ഒറ്റതവണയായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാച്ചിരുന്നു. ഇത്തരത്തില്‍ പുതിയ മാറ്റങ്ങള്‍ അവലംബിച്ചുകൊണ്ട് സജീവമാകുകയാണ് കെ.എസ്.ആര്‍.ടി.സി.

Content Highlight: KSRTC makes drastic changes; seeks to expand budget tourism and implement digital payments