Malayalam Cinema
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്റെ വിലാസത്തില്‍ ഒരു പൂച്ചെണ്ട് വന്നു; റഹ്മാനെ കുറിച്ച് ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 28, 11:02 am
Thursday, 28th January 2021, 4:32 pm

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവെച്ച് കെ.എസ് ചിത്ര. ആളുകള്‍ക്ക് അദ്ദേഹം കൊടുക്കുന്ന ബഹുമാനത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമാണ് ചിത്ര ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പേരും പ്രശസ്തിയും ഏറെ നേടിയ ചിലരുടെ പെരുമാറ്റങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തുമെന്നും അതിന് ഒരു ഉദാഹരണം പറയാമെന്നും പറഞ്ഞാണ് റഹ്മാനെ കുറിച്ചുള്ള ഒരു അനുഭവം ചിത്ര പങ്കുവെച്ചത്.

‘ഒരിക്കല്‍ റഹ്മാന് ഒരു സംഘടന സ്വീകരണം നല്‍കുന്നു. സംഘടനാ ഭാരവാഹികള്‍ എന്നെ വന്ന് കണ്ട് അദ്ദേഹത്തെ കുറിച്ചുള്ള ചില കമന്റുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. സന്തോഷത്തോടെ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഇളയരാജാ സാറിനൊപ്പം കീ ബോര്‍ഡ് വായിക്കാന്‍ വന്ന ദിലീപ് എന്ന പയ്യനെക്കുറിച്ചുള്ള ഓര്‍മ്മകളും റെക്കോര്‍ഡിങ്ങിലേയും സ്‌റ്റേജിലേയും അദ്ദേഹത്തിന്റെ ചിട്ടകളും അങ്ങനെ ചിലതൊക്കെയാണ് പറഞ്ഞത്. അതിന് ശേഷം ഞാനത് മറന്നു.

സ്വീകരണച്ചടങ്ങ് കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്റെ വിലാസത്തില്‍ ഒരു പൂച്ചെണ്ട് എത്തുന്നു. റഹ്മാന്‍ കൊടുത്തവിട്ട സ്‌നേഹോപകരമായിരുന്നു അത്. പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പും ബൊക്കെയോടൊപ്പം ചേര്‍ത്തുവെച്ചിരുന്നു’, ചിത്ര പറഞ്ഞു.

ഹേറ്റേഴ്‌സില്ലാത്ത ഗായികയാണ് കെ.എസ് ചിത്ര. പാട്ടിലും പ്രവൃത്തിയിലുമൊന്നും വലിയ വിവാദങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എങ്ങനെയാണ് ഇത്തരമൊരു ഇടപെടല്‍ സാധ്യമാകുന്നത് എന്ന ചോദ്യത്തിന് മുഷിഞ്ഞ് സംസാരിക്കാനും മുഖംകറുപ്പിച്ച് പെരുമാറാനും പൊതുവേ തനിക്ക് അറിയില്ലെന്നും നോ പറയേണ്ടിടത്ത് നോ പറയാന്‍ പോലും പ്രയാസമാണെന്നുമായിരുന്നു ചിത്രയുടെ മറുപടി.

അതൊരു നെഗറ്റീവ് ക്വാളിറ്റിയായി പലരും പറയാറുണ്ട്. എന്നാലും ചെറുപ്പം മുതലുള്ള ശീലമാണ്. മറ്റൊരാള്‍ക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെയാകണം ഇത്രയും കാലത്തിനിടെ വലിയ തോതിലുള്ള ക്രിട്ടിസിസമൊന്നും വരാത്തത്’, ചിത്ര പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KS Chithra About A.R. Rahman