Advertisement
Entertainment
ആർക്കും അറിയാത്ത ആ കാര്യം ഫഹദിന് അറിയാമെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി: കൃഷ്ണചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 12, 03:27 am
Sunday, 12th May 2024, 8:57 am

അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗായകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കൃഷ്ണചന്ദ്രന്‍. രതിനിര്‍വേദത്തിലെ പപ്പു എന്ന കഥാപാത്രത്തിന്റെ പേരല്ലാതെ മറ്റൊരു ആമുഖവും അദ്ദേഹത്തിന് ആവശ്യമില്ല.

ഭരതന്റെ ആരാധനാചിത്രമായ ‘രതിനിര്‍വേദം’ എന്ന ചിത്രത്തിലെ നായക വേഷം മുതല്‍ ജനപ്രിയ സിനിമകളിലും കൃഷ്ണചന്ദ്രന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആദ്യമായി നടൻ ഫഹദ് ഫാസിലിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

ആദ്യ കാഴ്ച്ചയിൽ ഫഹദ് തന്നോട് ഒരു പാട്ട് പാടി തരാനാണ് പറഞ്ഞതെന്നും എന്നാൽ അങ്ങനെയൊരു ഗാനം താൻ പാടിയതായി അധികം പേർക്കും അറിയില്ലെന്ന് കൃഷ്ണ ചന്ദ്രൻ പറയുന്നു. ഫഹദിന് ആ ഗാനമറിയാം എന്നറിഞ്ഞപ്പോൾ തനിക്ക് അത്ഭുതമായെന്നും അദ്ദേഹം കാൻ ചാനൽ മീഡിയയോട് പറഞ്ഞു.

പത്മരാജൻ ഒരുക്കിയ കാണാമറയത്ത് എന്ന ചിത്രത്തിലെ ജാനകിയമ്മ പാടിയ കസ്തൂരിമാൻ കുരുന്നേ എന്ന പാട്ടിന്റെ മറ്റൊരു വേർഷൻ കൃഷ്ണ ചന്ദ്രനും ആലപിച്ചിരുന്നു.

‘ഫഹദ് ഫാസിലിനെ ആദ്യമായ് കണ്ട അനുഭവം രസകരമായിരുന്നു. അന്ന് ഫഹദ് എന്നെ കണ്ടപ്പോൾ എന്നെ ഒറ്റയ്ക്ക് വിളിച്ച് മാറ്റി നിർത്തിയിട്ട് പറഞ്ഞു. ചേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ. ഞാൻ ചോദിച്ചോള്ളൂവെന്ന് പറഞ്ഞു.

ഫഹദ് പറഞ്ഞു, എനിക്ക് എപ്പോഴെങ്കിലും ഒരു സമയത്ത്, ഒരു തിരക്കും ഇല്ലാതിരിക്കുന്ന സമയത്ത്, ഞാൻ മാത്രം കേൾക്കുന്ന പോലെ ‘കസ്തൂരി മാൻ കുരുന്നേ’ എന്ന പാട്ടൊന്ന് പാടി തരാമോയെന്ന് ചോദിച്ചു.

ഞാൻ അത്ഭുതത്തോടെ ഫഹദിനോട് ചോദിച്ചു, ഫഹദിന് എങ്ങനെയറിയാം ഞാൻ അങ്ങനെയൊരു പാട്ട് പാടിയിട്ടുണ്ടെന്ന്. പലർക്കും അറിയില്ല. റേഡിയോയിൽ ചിലപ്പോൾ കേൾക്കാറുണ്ടെന്നല്ലാതെ ആർക്കും അങ്ങനെ അറിയില്ല.

പലർക്കും അത് ജാനകിയമ്മ പാടിയ വേർഷനെ കുറിച്ചേ അറിയുള്ളൂ. ഫഹദ് പറഞ്ഞു, അതൊക്കെ എനിക്കറിയാമെന്ന്. അത് എനിക്ക് വലിയൊരു അത്ഭുതമായിരുന്നു സത്യത്തിൽ. കാരണം പുതിയ തലമുറയിലെ ഒരാളാണ് അത് പറഞ്ഞത്. പക്ഷെ പിന്നെ ഞാൻ ഫഹദിനെ കണ്ടിട്ടില്ല. ഇനി കാണുമ്പോൾ ആ പാട്ട് പാടി കൊടുക്കണം,’കൃഷ്ണ ചന്ദ്രൻ പറയുന്നു.

 

Content Highlight: Krishna Chandran Talk About First Meet With Fahad Fazil