തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വധശ്രമം ഉണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പൊലീസിനും പൊലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി.പി.ഐ.എം ഗുണ്ടകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലിറങ്ങുന്നതെന്നും സുധാകരന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രതിപക്ഷ നേതാവിനെ വഴി നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സി.പി.ഐ.എം ഗുണ്ടാസംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ അക്രമിച്ച് കേറി വധശ്രമം നടത്തിയിരിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകര്‍ന്നിരിക്കുന്നു.
കോണ്‍ഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാന്‍ ഇവിടെ പൊലീസുണ്ട്. പൊലീസിനും പൊലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി.പി.ഐ.എം ഗുണ്ടകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നത്?
ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകളെ,
ഞങ്ങളുടെ കുട്ടികളെ,
ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ഒക്കെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സി.പി.ഐ.എം കരുതേണ്ട,’ സുധാകരന്‍ പറഞ്ഞു.
സമരങ്ങളുടെ തീച്ചൂളകള്‍ കടന്നുവന്നവരാ ഞങ്ങള്‍. ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുകയാണ് എന്റെ കുട്ടികള്‍. ഇനിയും അവരെ പ്രകോപിപ്പിക്കരുത്.
സ്വര്‍ണക്കള്ളക്കടത്തും കറന്‍സി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാന്‍ നോക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ കോണ്‍ഗ്രസ് സമരം തുടരും. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ ഇനിയും തെരുവുകളില്‍ ജനപക്ഷത്ത് തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.