കോഴിക്കോട്: എങ്ങും പുതുവത്സര ആഘോഷത്തിന്റെ ലഹരിയിലാണ് ആളുകള്‍. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള ജനാവലിയാണ് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ എത്തുന്നത്.
തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയില്‍ ഫോര്‍ട്ട് കൊച്ചിയിലുമാണ് പ്രധാനമായും ആഘോഷമൊരുക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ചിലും ന്യൂ ഇയര്‍ ആഘോഷിക്കാനായി നിരവധിയാളുകള്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ ന്യൂ ഇയറിന്റെ ഭാഗമായി ബീച്ചില്‍ കാര്യമായ പരിപാടികളൊന്നുമില്ലെന്നാണ് കോഴിക്കോടെത്തിയവര്‍ പറയുന്നത്. എന്നാല്‍ ഇന്നേ ദിവസം പൊലീസ് അനാവശ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും ആളുകള്‍ പറയുന്നു. ഇതില്‍ തങ്ങള്‍ നിരാശരാണെന്നും ഇവര്‍ പറയുന്നു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു ആളുകളുടെ പ്രതികരണം.
പത്ത് മണിക്ക് ശേഷം ബീച്ചില്‍ പ്രവേശിക്കരുതെന്ന് പൊലീസിന്റെ നിര്‍ദേശമുണ്ടെന്നും, 12 മണിയോടെ പിരിഞ്ഞുപോകണമെന്നുമാണ് പെലീസ് പറയുന്നതെന്നുമാണ് യുവാക്കള്‍ അടക്കമുള്ളവര്‍ പറയുന്നത്.
അതേസമയം, 2002ല്‍ നടന്ന പുതുവത്സരാഘോഷമാണ് മാറാട് കലാപത്തിന് വഴിമരുന്നിട്ടതെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തൊട്ടടുത്ത വര്‍ഷം കോഴിക്കോട്ട് പുതുവത്സരാഘോഷത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.
തുടര്‍ വര്‍ഷങ്ങളിലും പുതുവത്സര ആഘോഷത്തിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുമെന്നും കാണിച്ച് പൊലീസ് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.