കോഴിക്കോട്: സംഘപരിവാര്‍ സംഘടനയുടെ ചടങ്ങില്‍ പങ്കെടുത്ത വിവാദങ്ങള്‍ക്കിടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 80ാം വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ നിന്നാണ് മേയര്‍ വിട്ടുനിന്നത്.
പരിപാടിയുടെ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത് മേയറെയായിരുന്നു. മേയര്‍ വിട്ടുനിന്ന സാഹചര്യത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. മലബാര്‍ ക്രിസ്ത്യന്‍ കോളേജും പി.ആര്‍.ഡിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
എന്നാല്‍ മറ്റൊരു ഔദ്യോഗിക മീറ്റിങ് കാരണമാണ് മേയര്‍ മാറിനിന്നതെന്നാണ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അറിയിച്ചത്. പങ്കെടുക്കാനാകില്ലെന്ന് തന്നേയും പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറേയും മേയര്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആര്‍.എസ്.എസുമായി ബന്ധമുള്ള സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ സി.പി.ഐ.എം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്‌തെന്നാണ് വിവരം.
സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി തെറ്റാണെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും കടകവിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയറെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചതാണ് വിവാദമായത്.
കേരളത്തിലെ ശിശുപാലനം മോശമാണെന്നും വടക്കേ ഇന്ത്യക്കാരാണ് കുട്ടികളെ നന്നായി നോക്കുന്നതെന്നും മേയര്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ബാലഗോകുലം മാതൃസമ്മേളനം സംഘടിപ്പിക്കുന്നത്.
എന്നാല്‍ വിവാദത്തിന് മറുപടിയായി താന്‍ അമ്മമാരുടെ പരിപാടിയിലാണ് പങ്കെടുത്തതെന്നും, ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നുമാണ് മേയര്‍ പ്രതികരിച്ചത്.
തന്റെ മനസില്‍ വര്‍ഗീയതയുടെ ഒരു കണികപോലും ഇല്ലെന്നും, പാര്‍ട്ടി പരിപാടിക്ക് പോകരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും മേയര്‍ പറഞ്ഞിരുന്നു.