Advertisement
Movie Day
'കൂടെ' സൗദിയില്‍ റിലീസ് ചെയ്യുന്നു; സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാളചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jul 31, 06:01 pm
Tuesday, 31st July 2018, 11:31 pm

റിയാദ്: നസ്‌റിയ-പ്രിഥ്വിരാജ് ചിത്രം “കൂടെ” സൗദിയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. സൗദിയില്‍ ചലച്ചിത്ര പ്രദര്‍ശനം ആരംഭിച്ച ശേഷം പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. യു.എ.ഇ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും കൂടെ പ്രദര്‍ശനത്തിനെത്തും.

സൗദിയില്‍ രണ്ട് സ്ഥലത്താണ് ചിത്രം പ്രദര്‍ശിപ്പിക്കുക. റിയാദിലെ വോക്‌സ് സിനിമാസിലാകും കൂടെയുടെ പ്രദര്‍ശനം. ആഗസ്ത് 1ന് രാത്രി 11 മണിക്കാണ് ആദ്യ ഷോ. കേരളത്തില്‍ 25 ദിവസം വിജയകരമായി പൂര്‍ത്തിയായ വേളയിലാണ് ചിത്രം സൗദിയടക്കമുള്ള ജി.സി.സി രാജ്യങ്ങളിലേക്കെത്തുന്നത്.

35 വര്‍ഷത്തെ വിലക്കവസാനിപ്പിച്ച് ഈ വര്‍ഷമാണ് സൗദിയില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചത്. ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തറായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചിരുന്നത്. രജനീകാന്ത് ചിത്രം “കാല”യായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം.