Daily News
പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ അനുമതി പിന്‍വലിക്കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 19, 11:40 am
Saturday, 19th August 2017, 5:10 pm

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ അനുമതി പിന്‍വലിക്കില്ലെന്ന് പഞ്ചായത്ത് ഭരണസമിതി. നിയമലംഘനങ്ങള്‍ ഒന്നും പഞ്ചായത്തിന് ബോധ്യപ്പെട്ടിട്ടില്ലെന്നും ഭരണസമിതി തീരുമാനം ഏകകണ്ഠമായാണെന്നും അധികൃതര്‍ അറിയിച്ചു.

പരാതി പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കും. അതിനിടെ കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേയ്ക്ക യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കൂരടഞ്ഞി പഞ്ചായത്ത് ഭരണസമിതിയോഗത്തിനിടെ അന്‍വര്‍ എം.എല്‍.എ പഞ്ചായത്തിലെത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. എം.എല്‍.എയ്ക്കുനേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു.


Also Read: ‘ഒരു രൂപ പോലും ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല’; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് അന്‍വര്‍ എം.എല്‍.എ


എന്നാല്‍ അന്‍വര്‍ അനുകൂലികള്‍ മാര്‍ച്ച് തടഞ്ഞതോടെ സംഘര്‍ഷമുടലെടുക്കുകയായിരുന്നു. നേരത്തെ അന്‍വര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിഷേധവുമായി വന്നിരുന്നു.

എം.എല്‍.എയുടെ പാര്‍ക്കിന്റെ വിവാദവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് യോഗം നടക്കുന്നതിനിടെയാണ് അന്‍വര്‍ ഓഫീസിലെത്തിയത്. നേരത്തെ ആര്യാടനും മകനുമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയപ്രേരിതമായാണ് ആരോപണമുന്നയിക്കുന്നതെന്നും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.