Kerala News
താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര ക്വാറി മുതലാളിയുടെ ബസില്‍; കല്യാണത്തിനും മരണത്തിനും പോകല്‍ മാത്രമല്ല എം.എല്‍.എയുടെ പണി: ജനീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 11, 06:01 am
Saturday, 11th February 2023, 11:31 am

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് ഉല്ലാസയാത്ര പോയതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി കോന്നി എം.എല്‍.എ കെ.യു. ജനീഷ് കുമാര്‍.

ജീവനക്കാര്‍ വിനോദയാത്ര പോയ ബസ് ക്വാറി ഉടമയുടേതാണെന്ന് ജിനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ജനീഷ് കുമാറിന്റെ പ്രതികരണം.

‘സര്‍ക്കാരിന്റെ കാശും ശമ്പളവും വാങ്ങി ഞങ്ങള്‍ പാറ മുതലാളിയുടെ വണ്ടിയില്‍ വിനോദയാത്ര പോകുമെന്നാണ് അവര്‍ പറയുന്നത്. മുമ്പത്തെ തഹസില്‍ദാര്‍ ഉണ്ടായിരുന്ന സമയത്തും ഇവരെയെല്ലാം നിയന്ത്രിക്കുന്നത് മറ്റു ചിലരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുകളിലാണോ ക്വാറി ഉടമകള്‍ എന്ന് കൂടി കണ്ടെത്തണം,’ ജനീഷ് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച എ.ഡി.എമ്മിനെതിരെയും ജനീഷ് കുമാര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. എ.ഡി.എം തന്നെ അധിക്ഷേപിച്ചുവെന്ന് എം.എല്‍.എ പറഞ്ഞു.

ഈ വിഷയത്തില്‍ ഇടപെടാന്‍ എം.എല്‍.എക്ക് ആരാണ് അനുവാദം നല്‍കിയെന്ന് എ.ഡി.എം ചോദിച്ചുവെന്ന് ജിനേഷ് കുമാര്‍ പറഞ്ഞു. രഹസ്യ സ്വഭാവമില്ലാത്ത ഏത് രേഖയും പരിശോധിക്കാന്‍ എം.എല്‍.എക്ക് അധികാരമുണ്ടെന്ന് ഇതിന് മറുപടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

‘എം.എല്‍.എക്ക് ഇതൊക്കെ പരിശോധിക്കാന്‍ ആര് അനുവാദം നല്‍കിയെന്നാണ് അവിടെയുണ്ടായിരുന്ന ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുമ്പില്‍ വെച്ച് എ.ഡി.എം ചോദിച്ചത്. മരണവീട്ടിലും കല്യാണവീട്ടിലും ഉദ്ഘാടനത്തിനും പോകുക എന്നതാണ് എം.എല്‍.എയുടെ പണിയെന്നാണ് അവന്‍ കരുതിവെച്ചിരിക്കുന്നത്.

ആരെയെങ്കിലും കാണുമ്പോള്‍ ചിരിച്ചുനില്‍ക്കുകയും ഇവരൊക്കെ പറയുന്നത് കേട്ട് ഓച്ഛാനിച്ച് നില്‍ക്കുകയുമല്ല എം.എല്‍.എയുടെ പണി. ഓഫീസിലെ ജീവനക്കാരെ സംരക്ഷിച്ചുപോരുന്ന നിലപാടാണ് എ.ഡി.എം സ്വീകരിച്ചിട്ടുള്ളത്,’ ജനീഷ് കുമാര്‍ പറഞ്ഞു. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ജീവനക്കാരുടെ കൂട്ട അവധിയിലും വിനോദയാത്രയിലും കളക്ടറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Konni MLA Jinesh Kumar against ADM