Kerala News
കൊണ്ടോട്ടിയിലെ പീഡനശ്രമം; 15-കാരന്‍ പിടിയില്‍, കുറ്റം സമ്മതിച്ചതായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 26, 09:43 am
Tuesday, 26th October 2021, 3:13 pm

മലപ്പുറം: കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15-കാരന്‍ പൊലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പൊലീസിന്റെ പിടിയിലായത്.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊട്ടൂക്കര അങ്ങാടിക്ക് സമീപമായിരുന്നു സംഭവം.

വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും 15-കാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആക്രമണത്തിനിടെ 15-കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്.

കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോള്‍ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം മൊഴി നല്‍കിയത്. വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് 15-കാരന്‍ പറഞ്ഞത്.

എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kondotty Rape Attempt Case accused 15 year old boy in custody