കോഴിക്കോട്: ഇടുക്കിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെ. സുധാകരന്റെ മേല്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ഗൂഢാലോചനയില്ലെന്നും പാര്‍ട്ടി ഒരിക്കലും കൊലപാതകങ്ങളെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ധീരജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് ആരോപിച്ച് ക്യാംപസുകളില്‍ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവുമധികം പ്രതികളാവുന്നത് സി.പി.ഐ.എം പ്രവര്‍ത്തകരാണ്. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ കാണാന്‍ പോകുന്നയാളാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്യാംപസുകളില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ സി.പി.ഐ.എം തന്നെ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദ സംഘങ്ങള്‍ നടത്തുന്നതിലും ക്രൂരമായാണ് സി.പി.ഐ.എം അണികള്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊലക്കത്തി താഴെ വെക്കാനാണ് സി.പി.ഐ.എം നേതൃത്വം അണികളോട് ആവശ്യപ്പെടേണ്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.
കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവകാശമില്ലെന്നും കൊലക്കത്തി ആദ്യം താഴെ വേക്കെണ്ടത് സി.പി.ഐ.എം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ, അലക്സ് റാഫേല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കെ.എസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലിനെ പറവൂരില്‍ നിന്നാണ് പിടികൂടിയത്.
കൊലക്കുറ്റത്തിനാണ് നിഖിലെനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തില്‍ ഇരുവരുടേയും പങ്ക് വ്യക്തമായെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായ എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.