തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് അടികിട്ടേണ്ട സമരമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സര്‍വേകല്ല് എടുത്തുകൊണ്ടുപോയി എന്നതുകൊണ്ട് കല്ലിന് ക്ഷാമമുണ്ടാകില്ല.
കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നെങ്കിലും കല്ലിടും. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയതിന് ശേഷമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ നടത്താനും ഡി.പി.ആര്‍ തയ്യാറാക്കാനും ഉള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വിമോചനസമരമാണ് പ്രതിപക്ഷ ലക്ഷ്യമെങ്കില്‍ അതിവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ വിഷയത്തില്‍ ആര് പറയുന്നത് ജനം കേള്‍ക്കുമെന്നത് കാണാമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ഇവിടെ പറയുന്ന ന്യായങ്ങള്‍ വിചിത്രമാണ്. സില്‍വര്‍ ലൈന്‍ വേണ്ട. ആകാശപാത ആയിക്കോട്ടെ. ഉള്ള ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിഷമം ഉണ്ടാകും. പക്ഷേ അവരെ വിഷമിപ്പിക്കാനല്ല സര്‍ക്കാര്‍ തയ്യാറാകുന്നത്. അവരുടെ കൈവശമുള്ള ഭൂമിയുടെ സാധാരണ വിലയുടെ നാല് ഇരട്ടിയാണ് ഗ്രാമപ്രദേശങ്ങളില്‍ നല്‍കുന്നത്. ഇത് പാഴ്വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരേയും വഴിയാധാരമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസ് വിചാരിച്ചാല്‍ കുറച്ചു ആളുകളെ രംഗത്തിറക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടാകും. ഞങ്ങള്‍ ഈ പദ്ധതിയുമായി ജനങ്ങളിലേക്ക് തന്നെ ഇറങ്ങാനാണ് പോകുന്നത്. ഗോ ഗോ വിളി നടത്തുന്നവരോട്, ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. അതൊന്നും ചെലവാകുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എങ്ങനെ എല്ലാം പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സര്‍വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Content Highlights: Kodiyeri Balakrishnan speaks about K Rail protest