ബമാകോ: മാലി ഇടക്കാല പ്രസിഡന്റ് അസീമി ഗൊയ്തിനെ അജ്ഞാതന്‍ വധിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഈദ്-അല്‍-അദ പ്രാര്‍ത്ഥനയ്ക്കായി ബമാകോയിലെ ഗ്രാന്റ് മോസ്‌ക് പള്ളിയിലെത്തിയപ്പോഴായിരുന്നു അജ്ഞാതന്‍ പ്രസിഡന്റിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.
പ്രാര്‍ത്ഥനയ്ക്കിടെ അജ്ഞാതന്‍ പ്രസിഡന്റിന് നേരെ കത്തിയുയര്‍ത്തി ആക്രമണത്തിന് തുനിയുകയായിരുന്നു. ഉടനെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
കത്തിയുമായി എത്തിയ അജ്ഞാതന്‍ പ്രാര്‍ത്ഥനാ വേളയില്‍ പ്രസിഡന്റിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അയാളെ തടയുകയായിരുന്നു,’ മാലി മതകാര്യ വകുപ്പ് മന്ത്രി മമാദു കോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രസിഡന്റിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തില്‍ ഗൊയ്തയ്ക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്നും സുരക്ഷിതനായിരിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മെയിലാണ് മാലിയില്‍ പട്ടാള അട്ടിമറി നടന്നത്. അട്ടിമറിയെത്തുടര്‍ന്ന് മാലിയിലെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും പ്രതിരോധ മന്ത്രിയെയും പട്ടാള ഉദ്യോഗസ്ഥര്‍ തടവിലാക്കിയിരുന്നു.
ഒന്‍പത് മാസം മുമ്പാണ് പട്ടാള അട്ടിമറിയിലൂടെ സൈന്യത്തലവനായ അസീമി ഗൊയ്ത മാലിയുടെ അധികാരം പിടിച്ചെടുക്കുകയും അന്നത്തെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകറിനെ തടവിലാക്കുകയും ചെയ്തത്.
തുടര്‍ന്ന് ഇദ്ദേഹം രാജിവെച്ചിരുന്നു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്നായിരുന്നു ഇബ്രാഹിം പറഞ്ഞിരുന്നത്.