കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ കെ.എം. ഷാജിയുടെ തോല്‍വിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്. ലീഗിന്റെ മണ്ഡലം കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസിനെതിരായ പരാമര്‍ശങ്ങള്‍.
കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.എം. ഷാജിക്ക് ഗണ്യമായി വോട്ട് കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സംഘടനാ തലത്തിലെ വീഴ്ച പരാജയത്തിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം. ഷാജിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ലീഗ് നേതൃത്വത്തിന് ആയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
‘ലീഗിന്റെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ലഭിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനശ്ചിതത്വം അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി,’ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
നേതാക്കളുടെ അധികാര മോഹം പ്രവര്‍ത്തകരില്‍ മടുപ്പ് ഉണ്ടാക്കിയെന്നും രണ്ടാം വട്ടം എം.എല്‍.എ ആയപ്പോള്‍ വികസന കാര്യങ്ങള്‍ ഷാജി ശ്രദ്ധിക്കാഞ്ഞത് തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ കണ്ണൂര്‍ മണ്ഡലത്തിലെ തോല്‍വിക്കും ലീഗ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ശക്തികേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയതെന്നായിരുന്നു ലീഗ് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.