ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് സെഞ്ചൂറിയനില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സ് നേടിയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ 245 റണ്‍സിലെത്തിയത്. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അടക്കമുള്ള ബാറ്റര്‍മാര്‍ പരാജയപ്പെട്ടതോടെ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല രാഹുല്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.
137 പന്തില്‍ നിന്നും 101 റണ്‍സാണ് രാഹുല്‍ നേടിയത്. 14 ഫോറും നാല് സിക്‌സറും നേടി ക്രീസില്‍ തുടരവെ നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രാഹുല്‍ പുറത്തായത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രാഹുലിനെ തേടിയെത്തിയിരുന്നു. സെഞ്ചൂറിയനില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ച്വറികളുള്ള ആദ്യ വിസിറ്റിങ് ബാറ്റര്‍ എന്ന നേട്ടമാണ് രാഹുലിനെ തേടിയെത്തിയത്.
2021 ഡിസംബര്‍ 26നാണ് രാഹുല്‍ സെഞ്ചൂറിയനിലെ ആദ്യ സെഞ്ച്വറി നേടുന്നത്. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ 260 പന്ത് നേരിട്ട് 123 റണ്‍സാണ് രാഹുല്‍ നേടിയത്. മത്സരത്തില്‍ ഇന്ത്യ 113 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും രാഹുലിനെ തന്നെയായിരുന്നു.
തന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുല്‍ ബുധനാഴ്ച സെഞ്ചൂറിയനില്‍ കുറിച്ചത്. ആകെ നേടിയ എട്ട് സെഞ്ച്വറിയില്‍ ഏഴ് സെഞ്ച്വറിയും എതിരാളികളുടെ മണ്ണിലാണ് എന്നതാണ് താരത്തിന്റെ നേട്ടത്തെ ഇരട്ടി സ്‌പെഷ്യലാക്കുന്നത്.
രാഹുലിന്റെ ടെസ്റ്റ് സെഞ്ച്വറികള്‍ (ഉയര്‍ന്ന സ്‌കോര്‍)
(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
199 (311) – ഇംഗ്ലണ്ട് – ചെന്നൈ – ഡിസംബര്‍ 16, 2016
158 (303) – വെസ്റ്റ് ഇന്‍ഡീസ് – കിങ്സ്റ്റണ്‍ – ജൂലൈ 30, 2016
149 (224) – ഇംഗ്ലണ്ട് – ദി ഓവല്‍ – സെപ്തംബര്‍ 7, 2018
129 (250) – ഇംഗ്ലണ്ട് – ലോര്‍ഡ്‌സ് – ഓഗസ്റ്റ് 12, 2021
123 (260) – സൗത്ത് ആഫ്രിക്ക – സെഞ്ചൂറിയന്‍ – ഡിസംബര്‍ 26, 2021
110 (262) – ഓസ്‌ട്രേലിയ – സിഡ്‌നി – ജനുവരി 6, 2015
108 (190) – ശ്രീലങ്ക – കൊളംബോ – ഓഗസ്റ്റ് 20, 2015
101 (137) – സൗത്ത് ആഫ്രിക്ക – സഞ്ചൂറിയന്‍ – ഡിസംബര്‍ 27, 2023
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ ടോണി ഡി സോര്‍സിയെ കൂട്ടുപിടിച്ച് ഡീന്‍ എല്‍ഗര്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ്.