ടി-20യില്‍ ടെസ്റ്റ് കളിച്ചു! നാണക്കേടിന്റെ റെക്കോഡില്‍ രാഹുല്‍; തലപ്പത്ത് സഞ്ജുവിന്റെ പടയാളി മാത്രം
Cricket
ടി-20യില്‍ ടെസ്റ്റ് കളിച്ചു! നാണക്കേടിന്റെ റെക്കോഡില്‍ രാഹുല്‍; തലപ്പത്ത് സഞ്ജുവിന്റെ പടയാളി മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th May 2024, 4:04 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ലഖ്നൗവിനായി ആയുഷ് ബദോനി 30 പന്തില്‍ പുറത്താവാതെ 50 റണ്‍സും നിക്കോളാസ് പൂരന്‍ 26 പുറത്താവാതെ പന്തില്‍ 48 റണ്‍സും നേടി നിര്‍ണായകമായി. എന്നാല്‍ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 33 പന്തില്‍ 29 റണ്‍സ് ആണ് നേടിയത്.

ഒരു സിക്സും ഒരു ഫോറും മാത്രമാണ് ലഖ്‌നൗ നായകന്‍ നേടിയത്. 87.88 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മത്സരത്തിലെ ഒമ്പതാം ഓവറിലെ അവസാന പന്തില്‍ ആണ് രാഹുല്‍ പുറത്തായത്. നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ നടരാജന്‍ ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്.

ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് രാഹുലിനെ തേടിയെത്തിയത്. 2024 ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ കുറഞ്ഞത് 30 പന്തെങ്കിലും നേരിട്ട താരങ്ങളില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരമായി മാറാനാണ് രാഹുലിന് സാധിച്ചത്.

2024 ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ കുറഞ്ഞത് 30 പന്തെങ്കിലും നേരിട്ട താരങ്ങളില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് ഉള്ള താരം, സ്‌ട്രൈക്ക് റേറ്റ്, ടീം, എതിര്‍ ടീം എന്നീ ക്രമത്തില്‍

തനുഷ് കൊട്ടിയാന്‍-77.42- രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിങ്‌സ്

കെ. എല്‍ രാഹുല്‍-87.88-ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഇഷാന്‍ കിഷന്‍-88.89-മുംബൈ ഇന്ത്യന്‍സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്

ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഹെഡ് 30 പന്തില്‍ 89 റണ്‍സാണ് നേടിയത്. എട്ടു വീതം ഫോറുകളും സിക്‌സുകളും ആണ് ഹെഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് 28 പന്തില്‍ 75 റണ്‍സ് നേടിക്കൊണ്ടായിരുന്നു അഭിഷേകിന്റെ തകര്‍പ്പന്‍ ബാറ്റിങ്. എട്ട് ഫോറുകളും ആറ് സിക്‌സുമാണ് താരം അടിച്ചെടുത്തത്.

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ചു തോല്‍വിയും അടക്കം 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഹൈദരാബാദിന് സാധിച്ചു. മെയ് 16ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.

Content Highlight: KL Rahul create a unwanted record in IPL 2024