Sports News
മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററെ കണ്ടെത്താന്‍ ഇന്ത്യ പാടുപെടും: കെ.എല്‍. രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 20, 03:22 am
Tuesday, 20th September 2022, 8:52 am

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പര ഇന്ന് ആരംഭിക്കും. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന പരമ്പരയായതിനാല്‍ ഇന്ത്യക്കൊരു തയ്യാറെടുപ്പ് മത്സരം കൂടിയാണ് ഇത്.

ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചു വരുന്നു എന്നതൊഴിച്ചാല്‍ ഏഷ്യാ കപ്പില്‍ നിന്ന് വലിയ മാറ്റമൊന്നുമില്ലാതെയാണ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് ടി-20കളടങ്ങിയ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയില്‍ വെച്ചാണ് നടക്കുന്നത്. ഓസീസിനെതിരായ ഒന്നാം ടി-20ക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്ക് എന്നിവരുടെ സെലക്ഷനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍.

ഇരുവരും നിലവാരമുള്ള കളിക്കാരാണെന്നും വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ക്കിടയില്‍ ടീം മാനേജ്‌മെന്റ് കടുത്ത സെലക്ഷന്‍ കോളിനെ അഭിമുഖീകരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘പന്തിനെയും കാര്‍ത്തിക്കിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യ ഏത് തരം കോമ്പിനേഷനില്‍ കളിക്കുന്നു എന്നതനുസരിച്ചിരിക്കും.

ഏത് പ്രതലത്തില്‍ നിന്ന് കളിക്കുന്നു അല്ലെങ്കില്‍ ഏത് ടീമിനെതിരെ കളിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. ഇരുവരും ഉയര്‍ന്ന നിലവാരത്തിലുള്ള കളിക്കാരാണ്. വ്യത്യസ്ത റോളുകളാണ് രണ്ടാളും കൈകാര്യം ചെയ്യുന്നത്,’ രാഹുല്‍ പറഞ്ഞു.

 

 

ടീമിലുള്ള ഓരോരുത്തര്‍ക്കും ഓരോ റോളും ഉത്തരവാദിത്തങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ടീം ഇന്ത്യക്ക് എന്ത് ആവശ്യമെന്ന് തോന്നുന്നോ അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്കുകളില്‍ നിന്ന് മുക്തനായി താനിപ്പോള്‍ പൂര്‍വസ്ഥിതിയിലാണെന്നും മത്സരത്തിനായി ഒരുങ്ങിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

‘പരിക്കുകളില്‍ നിന്ന് തിരിച്ചെത്തിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. ഏഷ്യാ കപ്പിലും സിംബാബ്‌വേയിലും അതിന് വേണ്ട സമയം കിട്ടുക വളരെ പ്രധാനമായിരുന്നു. ഓസീസിനെതിരായുള്ള മത്സരത്തിന് തയ്യാറെടുത്തിരിക്കുകയാണ്,’ രാഹുല്‍ പറഞ്ഞു.

പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ് ഒഴികെ ട്വന്റി-20 അംഗങ്ങളെല്ലാം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലുണ്ട്. ബുറയുടെയും ഹര്‍ഷലിന്റെയും തിരിച്ചുവരവ് ബൗളിങ്ങിന് കരുത്തേകും. ലോകകപ്പിന് രോഹിത് – രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ആയിരിക്കുമെങ്കിലും ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്കുള്ള ആറ് മത്സരങ്ങളില്‍ ചിലതില്‍ കോഹ്ലി ഓപ്പണറായി ഇറങ്ങാന്‍ സാധ്യതയുണ്ട്.

 

Content highlight: KL Rahul about Rishabh Pant and Dinesh Karthik