വ്യാജ പ്രചരണം; ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി; ഡി.ജി.പിക്ക് പരാതി നല്‍കി
Kerala Flood
വ്യാജ പ്രചരണം; ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി; ഡി.ജി.പിക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 2:21 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ പ്രതിരോധമരുന്നുകള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോയുമായി എത്തിയ ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കി.

ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കാഞ്ചേരിയുടെ പ്രചരണം.

ഡോക്സിസൈക്ലിന്റെ ഡോസുകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോക്കോളിലും നിര്‍ദ്ദേശമുണ്ട്.

ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു.


കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള


മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

“”സര്‍ക്കാരുകളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രചരണ പരിപാടിയിലൂടെ ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്. പ്രതിരോധമരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ ആരും വിശദീകരിച്ചു നല്‍കുന്നില്ല. ആയുര്‍വേദ ചികിത്സയില്‍ എലിപ്പനിക്കുള്ള പ്രതിവിധികള്‍ എന്താണെന്ന് അന്വേഷിക്കൂ”” എന്നും വടക്കാഞ്ചേരി ആവശ്യപ്പെടുന്നുണ്ട്.

ആയുര്‍വേദത്തിലും പ്രകൃതി ചികിത്സയിലും പ്രതിരോധത്തിനു വഴികളുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ അനിഷ്ടവും കേസുകളും ഭയന്ന് സംഘടനകളെല്ലാം മിണ്ടാതിരിക്കുകയാണ്. പ്രകൃതി ചികിത്സകര്‍ എന്തെങ്കിലും പറഞ്ഞാന്‍ കേസ് കൊടുക്കാന്‍ ഓടുന്നവരുണ്ടെന്നും വടക്കാഞ്ചേരി വീഡിയോയില്‍ പറഞ്ഞിരുന്നു.

ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമെന്നു പറയുന്ന വടക്കാഞ്ചേരി, മാലിന്യങ്ങളും ചെളിയും കണ്ട് ഭയക്കേണ്ടെന്നും പ്രളയബാധിതരെ ഉപദേശിക്കുന്നുണ്ട്. കക്കൂസിലെ മാലിന്യങ്ങള്‍ കണ്ടു ഭയക്കേണ്ടതില്ല, അതില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമല്ലേയുള്ളൂ, വയറ്റിലും അതു തന്നെയല്ലേയുള്ളതെന്നും വടക്കാഞ്ചേരി ചോദിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ വീഡിയോയ്ക്കു താഴെ പലരും ആരോഗ്യവകുപ്പു മന്ത്രിയെയും കേരള പൊലീസിനെയും മെന്‍ഷന്‍ ചെയ്തിരുന്നു. നേരത്തേ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിന്റെ പേരില്‍ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.

നിപ്പാ വൈറസ് എന്നൊരു വൈറസൊന്നുമില്ലെന്നും മരുന്നുമാഫിയയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു വടക്കുംചേരിയുടെ പ്രചരണം. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്നമോ മറ്റോ ആണ് പേരാമ്പ്രയിലുണ്ടായ മരണങ്ങള്‍ക്ക് കാരണമെന്നും വടക്കഞ്ചേരി പ്രചരിപ്പിച്ചിരുന്നു.