ജനകീയ സമരങ്ങളില്‍ പങ്കെടുത്തവരെ ഗുണ്ടകളാക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യം: കെ.കെ.രമ
Kerala News
ജനകീയ സമരങ്ങളില്‍ പങ്കെടുത്തവരെ ഗുണ്ടകളാക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യം: കെ.കെ.രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st December 2021, 7:20 pm

കോഴിക്കോട് : ഗുണ്ടാ വാഴ്ച അവസാനിപ്പിക്കാന്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കാവലിന്റെ ലിസ്റ്റില്‍ പൊതുപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.കെ. രമ എം.എല്‍.എ.

സി.പി.ഐ.എമ്മിന് ഇഷ്ടമല്ല എന്നത് ഒരാളുടെ സൈ്വര്യപൂര്‍ണമായ സ്വകാര്യ/ പൊതുജീവിത്തിന് തടസ്സമാവുക എന്നത് അപഹാസ്യകരമായ കാര്യമാണെന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.കെ. രമയുടെ പ്രതികരണം.

ജനകീയസമരങ്ങളില്‍ പങ്കെടുത്തവരെ ഗുണ്ടകളാക്കി ചിത്രീകരിക്കുന്ന ഭരണകൂടത്തെ ഇടതുപക്ഷം എന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യമാണ്.
നാടുനീളെ ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പൊതുപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും കേരള പൊലീസ് എന്തിന് ലക്ഷ്യം വയ്ക്കുന്നു എന്ന് അവര്‍ ചോദിച്ചു.

‘ഏറെക്കാലമായി കേരളം ലഹരി/സ്വര്‍ണക്കടത്ത് മാഫിയയുടെയും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളുടെയും പിടിയിലമര്‍ന്നിട്ട്. ഇതില്‍ പലര്‍ക്കും ഭരണമുന്നണിയും സ.പി.എമ്മുമായുമുള്ള ബന്ധവും പലഘട്ടത്തില്‍ വെളിപ്പെട്ടതാണ്. പാര്‍ട്ടിക്കൊലകളില്‍ ശിക്ഷിക്കപ്പെട്ട ക്രിമിനലുകള്‍ തന്നെയാണ് ജയിലിലും പരോളിലുമൊക്കെയായി സ്വര്‍ണക്കടത്തടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

പട്ടാപ്പകല്‍ ഒരാളെ ക്രൂരമായി കൊല ചെയ്ത് അയാളുടെ വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ സഞ്ചരിക്കുന്ന ഗുണ്ടകളുടെ ചിത്രം കണ്ട് ഒരു നാടാകെ വിറങ്ങലിച്ചുനില്‍ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഗുണ്ടാ/ക്രിമിനല്‍ വാഴ്ചകള്‍ അമര്‍ച്ച ചെയ്യാന്‍ കേരളാ പൊലീസ് ‘ഓപ്പറേഷന്‍ കാവല്‍’ പദ്ധതി ആരംഭിച്ചത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളടക്കമുള്ള ഈ ക്രിമിനലുകളടെ തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ പൊലീസിനോടും ഭരണകൂടത്തോടും സഹകരിക്കാന്‍ നീതിബോധമുള്ള സര്‍വ മനുഷ്യര്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍, പൊതുപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവുമൊക്കെ നടത്തുന്നവര്‍ ഈ ലിസ്റ്റില്‍ വരുമ്പോള്‍ അത് അംഗീകരിക്കാനാവില്ല,’ കെ.കെ. രമ പറഞ്ഞു.

വന്‍കിട കോര്‍പ്പറേറ്റ് പദ്ധതികള്‍ക്കെതിരായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു വരുമ്പോള്‍ അവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീവ്രവലതുപക്ഷതന്ത്രം അതേപോലെ പിന്‍തുടരുകയാണ് കാലങ്ങളായി കേരളത്തിലെ ഭരണകൂടവുമെന്നും കെ.കെ.രമ വിമര്‍ശിച്ചു.

കെ റെയില്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിര്‍പ്പുമായി രംഗത്തുണ്ട്. ക റെയില്‍ കടന്നുപോവുന്ന വഴികളില്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന സാധാരണ കുടുംബങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ആശങ്കയുടെയും പ്രതിരോധത്തിന്റെയും മുള്‍മുനയിലാണ്. അങ്ങനെ തങ്ങള്‍ നേരിടാന്‍ പോവുന്ന വലിയ പ്രതിഷേധത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വേണം കാവല്‍ പദ്ധതിയുടെ പേരിലുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കത്തെ മനസ്സിലാക്കാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആക്ടിവിസ്റ്റുകളെയും, മാധ്യമ പ്രവര്‍ത്തകരേയും വേട്ടയാടാനുള്ള പൊലീസിന്റെയും ഭരണകൂടത്തിന്റെയും നീക്കത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒത്ത് ചേര്‍ന്ന് ചെറുത്തു തോല്‍പിക്കേണ്ടതുണ്ട്. അവിടെ അവസാസിപ്പിക്കേണ്ടത് ഗുണ്ടാ/ക്വട്ടേഷന്‍/മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ്. അല്ലാതെ അഭിപ്രായം പറയാനും, സമരം ചെയ്യാനും, പ്രതിഷേധിക്കാനുമുള്ള മനുഷ്യന്റെ ജനാധിപത്യ അവകാശങ്ങളെയല്ലെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡിസംബര്‍ 29വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പറേഷന്‍ കാവലില്‍ പത്ത് ദിവസത്തിനിടെ സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമായ 15,431 പേരെ പൊലീസ് കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ജില്ലാ അടിസ്ഥാനത്തില്‍ ഇവരുടെ വിശദമായ ക്രൈം പട്ടിക തയ്യാറാക്കി, പ്രശ്നക്കാരായ 6619 പേരെ കരുതല്‍ തടങ്കലിലാക്കി. കുറ്റകൃത്യം തടയാനായി 525 പേര്‍ പിടിയിലായി. വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ 6911 വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയെന്നും ഇതോടെ കുപ്രസിദ്ധ ഗുണ്ടകള്‍ ഉള്‍പ്പെടെ 4717 പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ ലിസ്റ്റില്‍
മധ്യമപ്രവര്‍ത്തകരടക്കമുള്ള ജനകീയ സമരങ്ങളില്‍ പങ്കെടുത്തിയവരെ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  KK Rema said the inclusion of public figures and journalists in the list of Operation Guard formed to end the goonda rule was unacceptable.