കൊച്ചി: മറൈന്‍ ഡ്രൈവില്‍ യുവതീ യുവാക്കള്‍ക്ക് നേരെയുണ്ടായ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ ഇന്ന് വീണ്ടും കിസ് ഓഫ് ലവ്. കിസ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയുടെ വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ന് വൈകിട്ട് നാലു മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മറൈന്‍ ഡ്രൈവിലിരിക്കുകയായിരുന്ന യുവതി യുവാക്കളെ ചൂരല്‍കൊണ്ട് അടിച്ചോടിച്ച ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലവ് സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്തിയസം നടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്. ഒന്നിച്ച് ഇരിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ടെന്നും സദാചാരവാദം ഉയര്‍ത്തി ആളുകളെ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. “സ്നേഹ ഇരുപ്പ്” എന്ന പേരില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ കൂട്ടായ്മയും മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കുന്നുണ്ട്. ശിവസേന നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തും ശിവസേനയുടെ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറയിലും പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്നുണ്ട്.”ബാ മാനാഞ്ചിറയിലിരിക്കാം” എന്ന പേരില്‍ കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്ത് രാഷ്ട്രീയ ഭേദമന്യേ സദാചാര അതിക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധ കൂട്ടായ്മ.