Entertainment
പുലിമുരുകനിലെ ആ രംഗം ചിത്രീകരിച്ചപ്പോള്‍ ഞാന്‍ പേടിച്ചു; അപ്പോഴും വളരെ കൂളായിട്ടായിരുന്നു മോഹന്‍ലാലിന്റെ അഭിനയം: കിഷോര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 12, 01:48 pm
Wednesday, 12th March 2025, 7:18 pm

മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമകളിലൊന്നായിരുന്നു 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍. വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പ്രായഭേദമന്യേ മലയാളികള്‍ എല്ലാവരും ഏറ്റെടുത്തു. 100 കോടി ക്ലബ്ബില്‍ കയറിയത് ആദ്യ മലയാള ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. കേരളത്തില്‍ നിന്ന് മാത്രം 75 കോടിയാണ് ചിത്രം നേടിയത്.

പുലിമുരുകന്‍ എന്ന സിനിമയില്‍ റേഞ്ചര്‍ ഓഫിസറായി എത്തിയത് നടന്‍ കിഷോറായിരുന്നു. മലയാളികള്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് പുലിമുരുകന്‍ എന്ന സിനിമയിലൂടെയാണെന്ന് കിഷോര്‍ പറയുന്നു. പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ തനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും വനത്തിനുള്ളിലെ പാറക്കെട്ടുകളിലുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും പേടി തോന്നിയിരുന്നുവെന്നും കിഷോര്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവം, ഭാഗ്യം – കിഷോര്‍

തന്റെ പേടിയെ പറ്റി താന്‍ സംവിധായകനോട് പറഞ്ഞിരുന്നുവെന്നും അപ്പോഴും വളരെ കൂളായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളികള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ പുലിമുരുകനിലെ റേഞ്ചര്‍ എന്നതായിരിക്കും ഉത്തരം. മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവം, ഭാഗ്യം. മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയ സിനിമയിലെ കഥാപാത്രം വളരെ ശക്തമായിരുന്നു.

മലയാളികള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ പുലിമുരുകനിലെ റേഞ്ചര്‍ എന്നതായിരിക്കും ഉത്തരം

പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതാണ്. വനത്തിനുള്ളിലെ പാറക്കെട്ടുകളിലുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും പേടി തോന്നിയിരുന്നു. കാലൊന്ന് വഴുതിയാലോ മറ്റോ സംഭവിക്കാവുന്ന അപകടങ്ങള്‍ മനസില്‍ പേടിയായി എപ്പോഴുമുണ്ടായിരുന്നു.

ആ പേടിയെപ്പറ്റി ഞാന്‍ സംവിധായകനോട് പറഞ്ഞപ്പോഴും വളരെ കൂളായിട്ടായിരുന്നു മോഹന്‍ലാലിന്റെ അഭിനയം. കഥാപാത്രമായി കൂടുമാറിയാല്‍ അദ്ദേഹത്തിലുണ്ടാകുന്ന വല്ലാത്തൊരു ഊര്‍ജം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ അപ്പോഴും എന്റെ മനസില്‍ പൂര്‍ണമായി മാറാത്ത പേടിയുണ്ടായിരുന്നു എന്നത് തന്നെയാണ് സത്യം,’ കിഷോര്‍ പറയുന്നു.

Content highlight: Kishore talks about Mohanlal