സര്‍ക്കാര്‍ രേഖകളല്ല, പണിയെടുക്കുന്ന മണ്ണിലെ ജീവിതമാണ് ഞങ്ങളുടെ വിലാസം. ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്? കൊല്ലങ്കോട്ടെ ആദിവാസികള്‍ ചോദിക്കുന്നു
Tribal Issues
സര്‍ക്കാര്‍ രേഖകളല്ല, പണിയെടുക്കുന്ന മണ്ണിലെ ജീവിതമാണ് ഞങ്ങളുടെ വിലാസം. ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്? കൊല്ലങ്കോട്ടെ ആദിവാസികള്‍ ചോദിക്കുന്നു
നിമിഷ ടോം
Friday, 23rd March 2018, 9:19 pm

ചെറുപ്പത്തിലേ പഠിക്കാന്‍ മിടുക്കിയായിരുന്നു ശ്രീജ. നെല്ലിയാമ്പതിയുടെ ചെരിവുകളിലെ മിക്ക ആദിവാസി ഊരുകളിലെന്ന പോലെ കഷ്ടപ്പാടും ദുരിതവും തന്നെയായിരുന്നു ശ്രീജയുടെ കുടുംബത്തിനും. എങ്കിലും കൊല്ലങ്കോട് വേങ്ങപ്പാറ ഊരില്‍ നിന്നും അകലെയുള്ള സ്‌കൂളില്‍ ശ്രീജ മുടങ്ങാതെയെത്തി. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദവും നേടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകണമെന്നതായിരുന്നു ശ്രീജയുടെ വലിയ ആഗ്രഹം. തുടര്‍ന്ന് പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുത്തു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, എല്‍.ഡി ക്ലര്‍ക്ക്, ഫീല്‍ഡ് വര്‍ക്കര്‍, ലാസ്റ്റ് ഗ്രേഡ് എന്നിങ്ങനെ എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക് ലിസ്റ്റിലും കടന്നുകൂടി. അതും ജനറല്‍ കാറ്റഗറിയില്‍ തന്നെ. ശ്രീജയ്ക്ക് പക്ഷേ ഇതുവരെ ഒരു ജോലിയും പ്രവേശിക്കാനായില്ല. കാരണം ഒന്നുമാത്രം, ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഹാജരാക്കുന്നതിനായി ശ്രീജയുടെ കയ്യില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒന്നുമുണ്ടായിരുന്നില്ല. ഒരു ജോലി നേടുന്നതിലൂടെ കുടുംബത്തിന്റെ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തിനായി കുട്ടിക്കാലം മുതല്‍ ശ്രീജ നടത്തിയ പരിശ്രമങ്ങളെല്ലാം അതോടുകൂടി അസ്ഥാനത്തായി.

 

കൊല്ലങ്കോട് കോളനി, ചിത്രം കടപ്പാട്: ജ്യോതിഷ് പുത്തേന്‍സ്‌

ഇത് ശ്രീജയുടെ മാത്രം കഥയല്ല. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്ത് വിവിധ ഊരുകളിലായി താമസിക്കുന്ന നൂറുകണക്കിന് എറവാളര്‍ കുടുംബങ്ങളാണ് സര്‍ക്കാറിന്റെ പുതിയ രേഖകള്‍ പ്രകാരം ആദിവാസി എന്ന ഗണത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നത്. ഊരുകളിലെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയ്ക്ക് പുറമെ ഭവനപദ്ധതികള്‍ പ്രകാരമുള്ള സഹായങ്ങള്‍, റേഷന്‍, ചികിത്സാ ചെലവ്, സംവരണം എന്നിവയെല്ലാം ഒരു സുപ്രഭാതത്തില്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടിരിക്കയാണ്.

തലമുറകളായി ജീവിച്ചുപോന്ന മണ്ണില്‍ സ്വന്തം അസ്ഥിത്വം തെളിയിക്കുന്നതിനായി കൊല്ലങ്കോട് വില്ലേജ് ഓഫീസിന് മുന്നില്‍ എറവാളര്‍ ആദിവാസികള്‍ നടത്തുന്ന കുടില്‍കെട്ടിയുള്ള സത്യാഗ്രഹ സമരം ഇന്ന് എണ്‍പത്തിയേഴാമത്തെ ദിവസം പിന്നിടുന്നു.

എറവാളര്‍ വിഭാഗം സമരത്തില്‍,  ചിത്രം കടപ്പാട്: ജ്യോതിഷ് പുത്തേന്‍സ്‌

കൊല്ലങ്കോട്ടെ എറവാളര്‍ക്ക് സംഭവിച്ചത്

നെല്ലിയാമ്പതിയുടെ മലയടിവാരങ്ങളിലെ ചാത്തമ്പാറ, മാത്തൂര്‍കളം, കല്ലേരിപൊറ്റ, കൊട്ടകുറിശ്ശി, പുത്തന്‍ പടം, പറത്തോട്, വേങ്ങപ്പാറ, നെന്മേനി, കൊടുവാള്‍പ്പാറ, കരോട്ട് പാറ, ചേപ്പലോട്, പയ്യല്ലൂര്‍ ലക്ഷംവീട് തുടങ്ങിയ കോളനികളില്‍ ജീവിച്ചിരുന്ന എറവാളര്‍ ആദിവാസികളാണ് 2008 ല്‍ കേരള സര്‍ക്കാറിന്റെ പട്ടിക വര്‍ഗ ലിസ്റ്റില്‍ നിന്നും പുറത്തായത്.

ചാത്തമ്പാറ ഊരിലെ ശ്രീജയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശ്രീജയുടെ സ്‌കൂള്‍ രേഖകളില്‍ ഇരവാലന്‍ എന്നതിന് പകരം മറ്റൊരു ജാതിപ്പേരായിരുന്നു സ്‌കൂള്‍ അധികൃതര്‍ രേഖപ്പെടുത്തിയിരുന്നത്. വീട്ടുകാര്‍ ഇത് പ്രശ്‌നമാക്കിയപ്പോള്‍ സ്‌കൂളില്‍ നിന്നും വില്ലേജ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയച്ചു. വില്ലേജ് ഓഫീസില്‍ നിന്ന് തഹസില്‍ദാര്‍ ഓഫീസിലേക്കും അവിടുന്ന് കിര്‍താഡ്‌സ് ഓഫീസിലേക്കും അന്വേഷണത്തിന് അയച്ചു. ഒടുവില്‍ 2008 ല്‍ കിര്‍താഡ്‌സ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് കൊല്ലങ്കോട്ടെ ഈ ഊരുകളിലുള്ളവര്‍ ആദിവാസികളല്ല എന്ന സര്‍ക്കാര്‍ ഭാഷ്യം പുറത്തുവരുന്നത്.

ചിത്രം കടപ്പാട്: ജ്യോതിഷ് പുത്തേന്‍സ്‌

ഇതോടെ കോളനിവാസികളുടെ ജീവിതം ദുരിതത്തിലായി. പട്ടികവര്‍ഗവിഭാഗം എന്ന നിലയില്‍ കാലങ്ങളായി അവര്‍ക്ക് ലഭ്യമായിരുന്ന സംവരണത്തില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും അവര്‍ പുറത്തായി. കുട്ടികളുടെ വിദ്യാഭ്യാസം, ജോലി എന്നിവയെയെല്ലാം ഇത് സാരമായി ബാധിച്ചു. പാതിവഴിയിലെത്തി നിന്ന ഭവനനിര്‍മാണ പദ്ധതികള്‍ മുടങ്ങിയതോടെ പല കുടുംബങ്ങളുടെയും വീട് എന്ന സ്വപ്നം ഇരുട്ടിലായി. റേഷന്‍ വിതരമടക്കമുള്ള ആനുകൂല്യങ്ങളെപ്പോലും ബാധിച്ചു.

ആദിവാസി അല്ലെങ്കില്‍ പിന്നെ ആര്

സര്‍ക്കാറിന്റെ വാദം ഇവര്‍ എറവാളര്‍മാരല്ല എന്നാണെങ്കില്‍ പിന്നെ ആര് എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉത്തരവുമില്ല. അതിനാല്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനില്ലാത്തതിന്റെ പേരില്‍ വലിയ ദുരിതങ്ങളാണ് ഇവിടുത്തെ കുടുംബങ്ങള്‍ അനുഭവിക്കുന്നത്. നിരവധി പി.എസ്.സി റാങ്ക്‌ലിസ്റ്റുകളില്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ട്‌പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല.

“ഞങ്ങളുടെ ജീവിതരീതിയും ഭാഷയുമെല്ലാം മാറിയെന്നാണ് കിര്‍ത്താഡ്‌സിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതു ശരിയായിരിക്കാം ആചാരപ്രകാരമുള്ള ഞങ്ങളുടെ ഭാഷയും ജീവിതരീതിയുമെല്ലാം ഏറെ മാറിയിട്ടുണ്ട്. പക്ഷേ, ആദിവാസികളായി തുടരണമെന്നതിന് ഇതൊരു മാനനണ്ഡമായി സ്വീകരിച്ചാല്‍ പിന്നെ ഏത് വിഭാഗമാണ് ഇന്ന് കേരളത്തില്‍ ആദിവാസികളായുണ്ടാവുക? എല്ലാവരുടെയും ഭാഷയും ഗോത്രരീതികളും തനത് വിശ്വാസങ്ങളുമെല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ? ആരാണ് അതിന് ഉത്തരവാദികള്‍? ഞങ്ങളുടെ ആവാസ മേഖലകളില്‍ കയറിവന്ന് ഞങ്ങളുടെ ഭൂമി തട്ടിയെടുത്തത് ആരാണ്? ഞങ്ങളുടെ വിശ്വാസങ്ങളെയും ജീവിതരീതികളെയും എല്ലാം അപഹരിച്ചത് ആരാണ്? ആരാണ് ഞങ്ങളെ മലമുകളില്‍ നിന്നും കാടുകളില്‍ നിന്നും ഇറക്കിവിട്ടത്” കൊല്ലങ്കോട് വില്ലേജ് ഓഫീസിന് മുന്നില്‍ സമരത്തിലിരിക്കുന്ന മാത്തൂര്‍ ഊരിലെ മണികണ്ഠന്‍ ചോദിക്കുന്നു.

കൊല്ലങ്കോട് വില്ലേജിലെ മേല്‍പ്പറഞ്ഞ ഊരുകളില്‍ നിലവില്‍ തന്നെ വലിയ ദുരിതങ്ങളാണ് ഇവരനുഭവിച്ചുപോരുന്നത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീടുകള്‍. ചെങ്കുത്തായ പ്രദേശങ്ങളായതിനാല്‍ കാര്യമായ റോഡ് സൗകര്യമോ യാത്രാസംവിധാനങ്ങളോ ഒന്നുമില്ല. കിലോമീറ്ററുകള്‍ നടന്നുവേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. അതുകൊണ്ട് തന്നെ പല കുട്ടികള്‍ക്കും കാര്യമായ വിദ്യാഭ്യാസവും ലഭിക്കുന്നില്ല. അസുഖം ബാധിച്ച ആളുകളെ ആശുപത്രിയിലെത്തിക്കുക എന്നതുപോലും ഏറെ പ്രയാസകരമാണ്. കാര്യമായ തൊഴിലുകളില്ല, മറ്റ് ഉപജീവനമാര്‍ഗങ്ങളില്ല. ആദിവാസി വിഭാഗമായതിനാല്‍ വല്ലപ്പോഴും സര്‍ക്കാറില്‍ നിന്ന് ലഭിച്ചിരുന്ന ആനുകൂല്യങ്ങളുടെ ബലത്തിലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ കൂടി നിഷേധിക്കപ്പെട്ടതോടെ ഊരുകളിലെ ജീവിതാവസ്ഥ അങ്ങേയറ്റം മേശമായിരിക്കുകയാണ്.

കൊല്ലങ്കോട് കോളനിയുടെ ശോചനീയാവസ്ഥ

“കേരളത്തിലെ മൊത്തം ആദിവാസി വിഭാഗങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനം നിലവിലുള്ള ആദിവാസികളെ തന്നെ പട്ടികവര്‍ഗ ലിസ്റ്റില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അങ്ങേയറ്റം വരേണ്യമായ നിലപാടുകള്‍ തുടരുന്നതിന്റെ സൂചനയാണിത്”. കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭയുടെ സംസ്ഥാന കണ്‍വീനര്‍ പി.കെ വേണു പറയുന്നു.

നിരന്തര പരാതികള്‍ക്കൊടുവില്‍ സമരത്തിലേക്ക്

2008ലെ വിജ്ഞാപനത്തോടുകൂടി പട്ടിക വര്‍ഗ ലിസ്റ്റില്‍ നിന്നും ഇവര്‍ പുറത്തായെങ്കിലും ശ്രീജയുടെ ജോലിയുമായി ബന്ധപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ശ്രമങ്ങള്‍ എന്ന രീതിയില്‍ വേങ്ങിപ്പാറയിലെ കൃഷ്ണനാണ് ആദ്യമായി ഈ വിഷയത്തില്‍ പ്രതിഷേധവുമായി വരുന്നത്. പിന്നീട് ഊരിലെ മുഴുവന്‍ ആളുകളും ഒപ്പം കൂടി. കേരള സംസ്്ഥാന പട്ടിക വര്‍ഗ മഹാസഭ എന്ന സംഘടന വിഷയം ഏറ്റെടുത്തതോടുകൂടി സംഘടിതമായ ശ്രമങ്ങള്‍ ആരംഭിച്ചു. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍, കിര്‍ത്താഡ്‌സ് ഡയറക്ടര്‍, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിരന്തരമായി പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയില്‍ പാലക്കാട് ജില്ലയിലെ തന്നെ കടപ്പാറയില്‍ വെച്ച് നടന്ന് സംസ്ഥാനസര്‍ക്കാറിന്റെ ഗദ്ദിക എന്ന സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനായി ചെന്ന പട്ടികവര്‍ഗ മഹാസഭ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത സംഭവം വരെയുണ്ടായി. ഇതിനുശേഷം പാലക്കാട് ജില്ലാ കലക്ടറുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ച്ചയും ഫലംകാണാതെ വന്നപ്പോഴാണ് പ്രത്യക്ഷ സമരങ്ങളിലേക്ക് ഇവര്‍ എത്തിയത്. അങ്ങനെ 2016 ഒക്ടോബര്‍ 26 കൊല്ലങ്കോട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് കുടുംബങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് പട്ടിക വര്‍ഗ കമ്മീഷന്‍ അഗളിയില്‍ വെച്ച് നടന്ന അവരുടെ സിറ്റിംഗിലേക്ക് സമരപ്രതിനിധികളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. മൂന്ന് മാസത്തിനകം ഇവരെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും എന്ന ഉറപ്പിലാണ് ആ ചര്‍ച്ച അവസാനിച്ചത്.

ചിത്രം കടപ്പാട് ജ്യോതിഷ് പുത്തേന്‍സ്‌

കമ്മീഷന്‍ ആവശ്യപ്പെട്ട കാലാവധി കഴിഞ്ഞിട്ടും വിഷയത്തില്‍ യാതൊരു നടപടിയുമുണ്ടാകാത്തതിനാലാണ് അനിശ്ചിതകാല സത്യാഗ്രഹസമരവുമായി ഊര് നിവാസികള്‍ രംഗത്തെത്തിയത്. തങ്ങളെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ ഇനി ഈ സമരത്തില്‍ നിന്നും പിറകോട്ടു പോകില്ലെന്ന ശക്തമായ പ്രഖ്യാപനമാണ് സമരപ്പന്തലിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പറയുന്നത്.

എറവാളര്‍ ആദിവാസികള്‍

പാലക്കാട് ജില്ലയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ചിറ്റൂര്‍ താലൂക്കിലും പരിസരപ്രദേശങ്ങളിലുമാണ് പ്രധാനമായും എറവാളര്‍ ആദിവാസികളുള്ളത്. തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഇവര്‍ വനവുമായി പ്രത്യക്ഷബന്ധമൊന്നുമില്ലാതെ ജീവിക്കുന്നവരാണ്. കാര്‍ഷികസമ്പന്നമായ ഈ പ്രദേശങ്ങളില്‍ കൃഷിയും കൃഷിപ്പണിയും കാലിവളര്‍ത്തലുമെല്ലാമായി താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്നവരായിരുന്നു ഈ വിഭാഗം. എന്നാല്‍ ഇവരുടെ പരമ്പരാഗത ഭൂമി നഷ്ടപ്പെട്ടുതുടങ്ങിയതോടു കൂടി കോളനിജീവിതങ്ങളുടെ ദുരിതങ്ങളിലേക്കവര്‍ തള്ളിമാറ്റപ്പെട്ടു. നിര്‍മ്മാണ ജോലികള്‍, തോട്ടങ്ങളിലും മറ്റും മരുന്ന് തളിക്കല്‍, മറ്റ് കാര്‍ഷിക ജോലികള്‍ എന്നിവയാണ് ഇവരുടെ നിലവിലെ ഉപജീവനമാര്‍ഗം. 2011 ലെ സെന്‍സസ് പ്രകാരം എറവാളര്‍ ആദിവാസികളുടെ ജനസംഖ്യ 4797 ആണ്.

WATCH THIS VIDEO