ഒരു സിനിമയുടെ ആദ്യ ഭാഗം ഉണ്ടാക്കിയ ഹൈപ്പ് അതേപടി രണ്ടാം ഭാഗത്തിലും നിലനിര്‍ത്തുക അല്ലെങ്കില്‍ രണ്ടാം ഭാഗത്തിനായുള്ള ആളുകളുടെ പ്രതീക്ഷക്കൊപ്പം നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാസ് പടങ്ങള്‍ കൂടിയാകുമ്പോള്‍ അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കെ.ജി.എഫ് 2 അക്കാര്യത്തില്‍ ഒരു വിജയമാണ്.
ഒന്നിന് പിറകെ ഒന്നായി വരുന്ന മാസ് സീനുകള്‍, എല്ലാ കഥാപാത്രങ്ങള്‍ക്കും പഞ്ച് ഡയലോഗുകള്‍, മാസ് ഇംപാക്ട് തരുന്ന വിഷ്വല്‍സും ബാക്ക് ഗ്രൗണ്ട് മ്യൂസികും എല്ലാം ചേര്‍ന്ന് തിയേറ്ററില്‍ മികച്ച എക്സ്പീരിയന്‍സാണ് കെ.ജി.എഫ് നല്‍കുന്നത്.
കെ.ജി.എഫ് ഫാന്‍സിനും ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും രണ്ടേ മുക്കാല്‍ മണിക്കൂര്‍ രോമാഞ്ചമാണ് ഈ സിനിമ സമ്മാനിക്കുന്നത്. നേരത്തെ പറഞ്ഞ ഘടകങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് ഇടക്ക് ടയറിങ്ങായി മാറിയതും നായികയെ പ്ലേസ് ചെയ്തിരിക്കുന്നതുമാണ് സിനിമയുടെ ആസ്വാദനത്തെ കുറച്ച് നെഗറ്റീവായി ബാധിച്ചത്.
എന്റെ ഒരു കപ്പ് ഓഫ് ടീ അല്ലാത്തത് കൊണ്ടായിരിക്കും കെ.ജി.എഫിന്റെ ആദ്യ ഭാഗം എനിക്ക് വളരെ മികച്ച അനുഭവമൊന്നുമായിരുന്നില്ല. പക്ഷെ ചില സീനുകളൊക്കെ കംപ്ലീറ്റ് മാസ് ഫീല്‍ തന്നിരുന്നു. എന്നാലും രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കണമെന്നും തോന്നിയിരുന്നില്ല.
പക്ഷെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മുഴുവന്‍ സലാം റോക്കി ഭായി പടര്‍ന്നുപിടിച്ചതും കെ.ജി.എഫിന് വേണ്ടി രാജ്യത്തെ വലിയൊരു വിഭാഗം സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്നതും ഈ സിനിമയുടെ ഇംപാക്ട് എത്രത്തോളമുണ്ടെന്ന് മനസിലാക്കി തരാന്‍ പറ്റുന്നതായിരുന്നു. കെ.ജി.എഫ് 2 തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിച്ചതും ഈ കാരണം കൊണ്ടായിരുന്നു.
രണ്ടേ മുക്കാല്‍ മണിക്കൂര്‍ റോക്കി ഭായിയും അയാളുടെ ശത്രുക്കളും അയാള്‍ രക്ഷിക്കുന്ന ജനങ്ങളുമൊക്കെ കാണികളെ കോരിത്തരിപ്പിക്കുകയാണ് കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍. ഇത്തരത്തില്‍ ഒരു ഫീല്‍ തരുന്ന പടം നിര്‍മിച്ചതില്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ തീര്‍ച്ചയായും വലിയ കയ്യടി അര്‍ഹിക്കുന്നുണ്ട്.
വളരെ ലൗഡായ ഒരു സിനിമയാണ് കെ.ജി.എഫ്. ഖനികളും കൊട്ടാരങ്ങളും തോക്കുകളും കാതടപ്പിക്കുന്ന വെടിവെപ്പുകളും വലിയൊരു കൂട്ടം ജനങ്ങളും അലര്‍ച്ചകളും വലിയ വില്ലന്മാരുമൊക്കെയായി എത്തുന്ന സിനിമ ഒന്ന് പിടിവിട്ടു പോയാല്‍ വമ്പന്‍ ഷോയും ഓവറാക്കലുമായി ഫീല്‍ ചെയ്യും. എന്നാല്‍ കെ.ജി.എഫില്‍ ഇതെല്ലാം മികച്ച രീതിയില്‍ ബ്ലെന്‍ഡായി നില്‍ക്കുന്നുണ്ട്. അതിനുപറ്റുന്ന ഒരു പശ്ചാത്തലവും ഭൂമികയും കാഴ്ചക്കാരില്‍ സൃഷ്ടിച്ചുകൊണ്ടും, ചിത്രത്തില്‍ ഉടനീളം ഒരു പ്രത്യേക ഫീല്‍ നിലനിര്‍ത്തിക്കൊണ്ടുമാണ് സിനിമ മുന്നേറുന്നത്.
ടീസറില്‍ കണ്ട പൊലീസ് സ്റ്റേഷന് നേരെ വെടി വെക്കുന്ന സീനില്‍ ആ കാഴ്ച കാണാന്‍ ഇരിക്കുന്ന ഒരു കുട്ടിയെ കാണിക്കുന്നുണ്ട്. പ്രശാന്ത് നീല്‍ എന്ന സംവിധായകന്റെ ഏറ്റവും ബ്രില്യന്റായ മാസ് ഇഫക്ട് തോന്നിയത് ഇത്തരം ചെറിയ സീനുകളിലായിരുന്നു.
തിരക്കഥയും ഡയലോഗുകളും സീനുകള്‍ മേക്ക് ചെയ്തെടുത്തിരിക്കുന്ന രീതിയും പ്രശാന്ത് നീലില്‍ വലിയ പ്രതീക്ഷ വെക്കാമെന്ന് കാണിച്ചു തരുന്നുണ്ട്. ഹൈലി ഡ്രമാറ്റിക്കായ ഡയലോഗുകളാണ് കെ.ജി.എഫിലേത്. ഇത് ആ സിനിമക്ക് ചേരുന്നുണ്ടെന്നും തോന്നി. പക്ഷെ, എല്ലാ കഥാപാത്രങ്ങളും ഉപമകളും പഴഞ്ചൊല്ലുകളും പഞ്ചും ചേര്‍ത്തേ ഡയലോഗ് മാത്രമേ പറയുള്ളൂവെന്ന് നിര്‍ബന്ധം പിടിക്കുംപോലെ തോന്നി.
ചെറിയ കാര്യത്തിന് പോലും ഘടാഘടിയന്‍ മറുപടികളാണ് ഓരോ ക്യാരക്ടേഴ്സും നല്‍കുന്നത്. ഇത് കുറച്ച് ടയറിങ്ങായി ഫീല്‍ ചെയ്തിരുന്നു. ഒരു ഹോസ്പിറ്റല്‍ സീനിലെ അമ്മയുടെ ഡയലോഗൊക്കെ കുറച്ച് കടന്നുപോയില്ലേയെന്ന് തോന്നി. ഇതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളവര്‍ ഉണ്ടാകാം.
ഭുവന്‍ ഗൗഡയുടെ ക്യാമറയും രവി ബസ്രൂരിന്റെ മ്യൂസികുമാണ് കെ.ജി.എഫിനെ കെ.ജി.എഫ് ആക്കുന്നത്. ഉജ്വല്‍ കുല്‍ക്കര്‍ണിയുടെ എഡിറ്റിങ്ങും കൂടി ചേരുന്നതോടെ സിനിമ കുറച്ചുകൂടെ ഹൈ ലെവലില്‍ എത്തുന്നു. യാഥാര്‍ത്ഥ്യവും ഫിക്ഷനും കലര്‍ന്ന കഥാപരിസരത്തെ അല്‍പം മിത്തിക്കല്‍ ഫീല്‍ തരുന്ന രീതിയിലാണ് പ്ലേസ് ചെയ്തിരിക്കുന്നത്.