national news
രാജസ്ഥാനില്‍ ദളിത് യുവാവിനെ ജാത്യാധിക്ഷേപം നടത്തി മര്‍ദിച്ച സംഭവം; ജാട്ട് വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 11:43 am
Sunday, 20th April 2025, 5:13 pm

ജയ്പൂര്‍: രാജസ്ഥാനില്‍ 19 വയസുള്ള ദളിത് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അക്രമികള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ശരീരത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവാവ് പരാതിപ്പെട്ടതിന് പിന്നാലെയാണ് അക്രമികള്‍ക്കെതിരെ കേസെടുത്തത്.

ഏപ്രില്‍ എട്ടിനായിരുന്നു യുവാവിനെ അക്രമികള്‍ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്. പിന്നാലെ ഏപ്രില്‍ 16ന് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ എസ്.സി, എസ്.ടി നിയമ പ്രകാരമുള്ള വകുപ്പുകള്‍ക്ക് പുറമേ ബി.എന്‍.എസ് 115(2), 126(2),352,351 (2),133,140(3) എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ ഒരു വിവാഹത്തിന്റെ ഘോഷയാത്ര കാണുകയായിരുന്നു താനെന്നും അപ്പോള്‍ ജാട്ട് സമുദായത്തില്‍പ്പെട്ട രണ്ടാളുകള്‍ വന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവാവ് പരാതിയില്‍ പറഞ്ഞു.

രണ്ട് പേരും ജാതി അധിക്ഷേപം നടത്താന്‍ തുടങ്ങിയെന്നും തന്റെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു. എന്നാല്‍ അച്ഛന്‍ വിദേശത്താണെന്ന് പറഞ്ഞപ്പോള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറഞ്ഞു.

അക്രമികള്‍ രണ്ട് പേരും തന്റെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് തന്നെ ശാരരീരികമായി പീഡിപ്പിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് തന്നെ ഇരുമ്പ് വടികൊണ്ട് അടിച്ചതിന് പിന്നാലെ തന്റെ മേല്‍ മൂത്രമൊഴിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Content Highlight: Dalit youth beaten up for caste-based abuse in Rajasthan; Police arrest two Jats