Advertisement
IPL
പവര്‍പ്ലേയില്‍ 81 പന്ത് നേരിട്ടിട്ടും ഒറ്റ സിക്‌സര്‍ പോലുമില്ല; സൂപ്പര്‍ കിങ്‌സ് താരത്തിന് കാര്യങ്ങള്‍ ഒട്ടും സൂപ്പറല്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 20, 11:14 am
Sunday, 20th April 2025, 4:44 pm

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.

വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഇരു ടീമുകളും വാംഖഡെയിലിറങ്ങുന്നത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമുകളുടെ പോരാട്ടത്തിനാണ് മുംബൈ സാക്ഷ്യം വഹിക്കുന്നത്.

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹോം ടീം ഇടം നേടിയിരിക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് മുംബൈയ്ക്കുള്ളത്. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി പത്താം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ്.

ബാറ്റിങ് യൂണിറ്റിന്റെ പോരായ്മകള്‍ തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വലയ്ക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ എല്ലായ്‌പ്പോഴും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ഓപ്പണിങ് ബാറ്ററുമായ രചിന്‍ രവീന്ദ്രയുടെ സ്ഥിരതയില്ലായ്മയും ടീമിന് തിരച്ചടിയാണ്. ഏഴ് മത്സരത്തില്‍ നിന്നും 31.00 ശരാശരിയില്‍ 186 റണ്‍സ് നേടിയ രചിനാണ് ടീമിന്റെ ടോപ് സ്‌കോററെങ്കിലും താരത്തിന്റെ ബാറ്റില്‍ നിന്നും വമ്പനടികള്‍ പിറക്കാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

ഐ.പി.എല്‍ പവര്‍പ്ലേയില്‍ സിക്‌റടിക്കാതെ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരങ്ങളില്‍ ഒന്നാമനാണ് രചിന്‍. 81 പന്തുകളാണ് ഇത്തരത്തില്‍ സിക്‌സര്‍ നേടാനാകാതെ രചിന്‍ കളിച്ചുതീര്‍ത്തത്.

ഐ.പി.എല്‍ പവര്‍പ്ലേയില്‍ സിക്‌റടിക്കാതെ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരം

(താരം – ടീം – പന്തുകള്‍ എന്നീ ക്രമത്തില്‍)

രചിന്‍ രവീന്ദ്ര – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 81

ഡെവോണ്‍ കോണ്‍വേ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 41

ഇഷാന്‍ കിഷന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 30

സീസണില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമേറ്റുമുട്ടുന്നത്. ചെന്നൈയുടെ തട്ടകമായ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്. അഫ്ഗാന്‍ കരുത്തന്‍ നൂര്‍ അഹമ്മദാണ് വിസില്‍ പോട് ആര്‍മിക്ക് വിജയം സമ്മാനിച്ചത്.

മുംബൈയ്‌ക്കെതിരെ മറ്റൊരു വിജയം എന്നത് തന്നെയാകും സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിടുന്നത്. മുംബൈയ്‌ക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ എട്ടാം സ്ഥാനത്തേക്ക് ഉയരാനും സൂപ്പര്‍ കിങ്‌സിന് സാധിക്കും.

അതേസമയം, തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടി വിജയപാതയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ദൈവത്തിന്റെ പോരാളികള്‍. ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി ഏഴാമതാണ് മുംബൈ ഇന്ത്യന്‍സ്. എതിരാളികളുടെ തട്ടകത്തില്‍ പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനും മുംബൈയ്ക്ക് അവസരമുണ്ട്. ജയിക്കാനായാല്‍ ആറാം സ്ഥാനത്തേക്ക് കയറാനും മുംബൈ ഇന്ത്യന്‍സിന് സാധിക്കും.

 

Content highlight: IPL 2025: Rachin Ravindra tops the list of most balls faced in overs 1-6 in IPL 2025 without hitting a single six