കേരളം ആശുപത്രികളുടെ പേര് മാറ്റില്ല; വിശദീകരണവുമായി ആരോഗ്യ വകുപ്പ്
Kerala News
കേരളം ആശുപത്രികളുടെ പേര് മാറ്റില്ല; വിശദീകരണവുമായി ആരോഗ്യ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 9:20 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആരോഗ്യ വകുപ്പ്. അടിസ്ഥാന രഹിതമായ പ്രചരണമാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിശദീകരണം നല്‍കി.

സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ അതേ പേരുകളില്‍ തന്നെ തുടര്‍ന്നും അറിയപ്പെടുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

നെയിം ബോര്‍ഡുകളില്‍ ഈ പേരുകള്‍ തന്നെയാണ് ഉണ്ടാവുകയെന്നും എന്നാല്‍ ബ്രാന്‍ഡിങ്ങിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ നല്‍കുമെന്നും ആരോഗ്യ വകുപ്പ് വിശദീകരണം നല്‍കി. ബ്രാന്‍ഡിങിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകളായ ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ പുതുതായി ഉള്‍പ്പെടുത്താന്‍ മാത്രമാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കേന്ദ്രത്തിന്റെ ഫണ്ടുകള്‍ ലഭിക്കാതായതോടെയാണ് ബ്രാന്‍ഡിങില്‍ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബറിനുള്ളില്‍ പേര് ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തെ അറിയിച്ചത്.

എന്നാല്‍ കേന്ദ്ര നിര്‍ദേശത്തിന് വഴങ്ങില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഇതോടെ എന്‍.എച്ച്.എം ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം തയാറാകാതിരുന്നതോടെ ശമ്പള വിതരണമടക്കം പ്രതിസന്ധയിലായിരുന്നു. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് നിബന്ധനകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

Content Highlight: Kerala will not change the name of hospitals; Health Department with explanation