തിരുവനന്തപുരം: കേരളത്തിന്റെ കോസ്മോപൊളിറ്റൻ സംസ്‌കാരം ഇപ്പോൾ ഉണ്ടായതല്ലെന്നും പുരാതന കാലം മുതൽ ഉള്ളതാണെന്നും പ്രശസ്ത ചരിത്രകാരി പ്രൊഫ റോമില ഥാപ്പർ. കടൽ വഴി വിദേശികളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളിലൂടെ പണ്ടുമുതൽക്കേ കേരളം അത്തരം ആധുനിക സംസ്‌കാരം വച്ചുപുലർത്തിയതായും റോമില ചൂണ്ടിക്കാട്ടി.
കേരളീയം പരിപാടിക്ക് ആശംസ നേർന്ന് ഉദ്ഘാടന വേദിയിൽ വീഡിയോ വഴി സംസാരിക്കുകയായിരുന്നു അവർ.
അന്യസംസ്ഥാനക്കാർ വന്ന് കേരളത്തെ തങ്ങളുടെ ഇടമാക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരികതയെ പരിപോഷിപ്പിക്കുന്നു. സാക്ഷരതയിലെ ഉയർന്ന നിലവാരം കൂടുതൽ യുക്തിപൂർവം ചിന്തിക്കാനും തുറന്ന മനസ്സോടെ ഇടപഴകാനും സഹായിക്കുന്നു, പ്രൊഫ ഥാപ്പർ പറഞ്ഞു.
കേരളത്തിലെ സാധാരണ സർക്കാർ സ്‌കൂളിൽ പഠിച്ച് കേരളത്തിനുള്ളിലെ എൻജിനീയറിങ് സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് താനെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ് സോമനാഥ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘ബഹിരാകാശ രംഗത്ത് പ്രവർത്തിക്കാനായതാണ് ഏറ്റവും വലിയ ഭാഗ്യം. ഭാരതീയൻ എന്നതിനൊപ്പം മലയാളി എന്ന നിലയിൽ ഏറ്റവും അഭിമാനം ഉൾകൊള്ളുന്നു. വരും വർഷങ്ങളിൽ സാമ്പത്തിക സാമൂഹ്യ പുരോഗതി നേടാനായി പുതിയ പാത തുറക്കാനും പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ട് വെക്കാനും കേരളീയം 2023 -ന് കഴിയും.
നവകേരളത്തിനായുള്ള വഴിത്താരകൾ വെട്ടിത്തുറക്കാൻ കേരളത്തിന്റെ തനത് സാംസ്‌കാരിക വൈവിധ്യങ്ങളെയും നേട്ടങ്ങളെയും അവതരിപ്പിക്കുന്ന കേരളീയത്തിലെ ചർച്ചകൾ വഴിതുറക്കട്ടെ,’ അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ പ്രൊഫ. അമർത്യ സെൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കമൽ ഹാസൻ, മോഹൻലാൽ, ശോഭന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
CONTENT HIGHLIGHT: Kerala’s Cosmopolitan culture begins from stone ancient times says Prof. Romila Thappar