കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് വിമതന്‍ ടി. കെ അഷ്‌റഫ്. ഇതോടെ കൊച്ചി കോര്‍പറേഷനില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കും. പത്ത് വര്‍ഷത്തിന് ശേഷമാണ് കൊച്ചി കോര്‍പറേഷന്‍ ഇടതു മുന്നണിയ്ക്ക് ലഭിക്കുന്നത്.
ഇടതുമുന്നണിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് പിന്തുണ നല്‍കാനുള്ള തീരുമാനമെന്ന് ടി. കെ അഷ്‌റഫ് പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന് സുസ്ഥിര വികസം ഉറപ്പ് നല്‍കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷവും തമ്മില്‍തല്ല് മാത്രമാണ് നടന്നതെന്നും മുന്നണികള്‍ നല്‍കുന്ന വാഗ്ദാനമെന്തായാലും അത് സ്വീകരിക്കുമെന്നും ടി. കെ. അഷ്‌റഫ് നേരത്തെ പറഞ്ഞിരുന്നു.
74 സീറ്റുകളുള്ള കൊച്ചി കോര്‍പറേഷനില്‍ ആര്‍ക്കും നിലവില്‍ കേവല ഭൂരിപക്ഷമില്ല. ഇടതുമുന്നണിക്ക് 34 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 31 സീറ്റുകളാണ് ലഭിച്ചത്. അഞ്ച് സീറ്റുകള്‍ ബി.ജെ.പിയും നാല് സീറ്റുകള്‍ വിമതരും നേടി.
വിമത സ്ഥാനാര്‍ത്ഥികളെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുമുന്നണികളും. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരാണ് വിമതരായി മത്സരിച്ച് ജയിച്ചത്. മുസ്‌ലിം ലീഗ് വിമതനായി ഒരാളും സി.പി.ഐ.എം വിമതനായി ഒരാളും മത്സരിച്ച് ജയിച്ചു.
പനയപ്പിള്ളിയില്‍ ജെ. സുനില്‍കുമാര്‍ മോനും മുണ്ടംവേലിയില്‍ നിന്ന് മേരി കലിസ്ത പ്രകാശനുമാണ് കോണ്‍ഗ്രസില്‍ നിന്ന് വിമതരായി മത്സരിച്ച് ജയിച്ചത്. കല്‍വത്തിയില്‍ നിന്നുമാണ് ടി. കെ അഷ്‌റഫാണ് മുസ്‌ലിം ലീഗ് വിമതനായി മത്സരിച്ചത്.
കെ. പി ആന്റണിയാണ് മാനാശ്ശേരിയില്‍ നിന്ന് സി.പി.ഐ.എം വിമതനായി മത്സരിച്ച് ജയിച്ചത്. കെ. പി ആന്റണി സി.പി.ഐ.എമ്മിനെ പിന്തുണച്ചേക്കുമെന്ന് സൂചനകളുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ ഇടതുമുന്നണിക്ക് അധികാരം ലഭിക്കാനുള്ള സാഹചര്യമുണ്ട്. ടി. കെ അഷ്‌റഫും സി.പി.ഐ.എമ്മിന് പിന്തുണ പ്രഖ്യാപിച്ചാല്‍ ഇടതുമുന്നണിക്ക് ഭരണം ഉറപ്പിക്കാനാവും.
അതേസമയം കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ടോണി ചമ്മണിയും മൂന്ന് വിമതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ നിലപാട് പിന്നീട് അറിയിക്കുമെന്നാണ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍. വേണുഗോപാല്‍ ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പത്മകുമാരിയോടാണ് വേണുഗോപാല്‍ പരാജയപ്പെട്ടത്. പ്രിസൈഡിംഗ് ഓഫീസര്‍ ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്നും അതുകൊണ്ടാണ് താന്‍ പരാജയപ്പെട്ടതെന്നും എന്‍. ഗോപാല്‍ പറഞ്ഞിരുന്നു.
പ്രിസൈഡിംഗ് ഓഫീസറുടേത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാല്‍ കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക