തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഐതിഹാസികമായ വിജയമായിരിക്കും എല്‍.ഡി.എഫ് നേരിടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയിലെ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തങ്ങള്‍ക്കക് വിജയ സാധ്യതയില്ല എന്നു കണക്കാക്കിയ പ്രദേശങ്ങള്‍ പോലും തങ്ങളുടേത് ആകാന്‍ പോകുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ കള്ളങ്ങളോടും നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് കാണിക്കുന്ന ഒരു തെരഞ്ഞടുപ്പായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. വേറെ ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
”താനൊരുഘട്ടത്തിലും ചട്ടലംഘനം നടത്തിയിട്ടില്ല. ഇന്ത്യയില്‍ കൊവിഡിനുള്ള ചികിത്സ പൂര്‍ണമായും സൗജന്യമായി നല്‍കിയ ഏക സംസ്ഥാനമാണ് കേരളം. അങ്ങനെ കൊടുത്ത ഒരു സംസ്ഥാനം കൊവിഡിനുള്ള ഒരു ചെറിയ കുത്തിവെപ്പിനുള്ള പൈസ ഇങ്ങ് പോരട്ടെയെന്ന് പറയുമോ. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകമാത്രമാണ് ഞാന്‍ ചെയ്തത്,” മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ചികിത്സയുടെ ഭാഗമാണ് പ്രതിരോധ കുത്തിവെപ്പും. അതിന് തുക ഈടാക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്ന ചോദ്യത്തിന് അത് ഏതെങ്കിലും ഘട്ടത്തില്‍ പറയാതിരുന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന് മാത്രമല്ല ലീഗിന്റെ അടിത്തറ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല ടീച്ചര്‍, മക്കളായ വീണ, വിവേക് എന്നിവര്‍ക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹം എത്തിയത്.