Entertainment news
ഞാന്‍ നാടുവിടുകയാണ്, 28 ദിവസം പ്രായമുള്ള കുട്ടിയുണ്ട് വീട്ടില്‍; കേരളം ഭരിക്കുന്നത് പൊളിറ്റിക്കല്‍ മാഫിയകള്‍: ജോയ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 12, 10:24 am
Sunday, 12th March 2023, 3:54 pm

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. കേരളം ഭരിക്കുന്നത് പൊളിറ്റിക്കല്‍ മാഫിയകളാണെന്നും പേടി കൊണ്ടാണ് ജനങ്ങള്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സ്ഥലം വിടുകയാണ്. ഇവിടെ നില്‍ക്കാന്‍ പറ്റില്ല. രാത്രി കണ്ണെരിയും, ശ്വാസതടസമുണ്ട്. കോഴിക്കോടേക്ക് സ്ഥലം വിടുകയാണ് നല്ലത്. മകന്റെ കുട്ടിക്ക് 28 ദിവസം മാത്രമാണ് പ്രായം. മറ്റെയാള്‍ക്ക് രണ്ട് വയസും. കുട്ടികള്‍ രണ്ടുപേരും വലിയ പ്രയാസത്തിലാണ്.

പൊളിറ്റിക്കല്‍ മാഫിയ സംഘങ്ങളാണ് കേരളം ഭരിക്കുന്നത്. കൊച്ചി കോര്‍പറേഷന്‍ ഭരിക്കുന്നത് മാഫിയ സംഘം എന്നേ ഞാന്‍ പറയൂ. അതുകൊണ്ടാണ് ജനങ്ങള്‍ പോലും പ്രതികരിക്കാന്‍ മടിക്കുന്നത്. പേടിച്ചിട്ടാണ്. ശരിയായ ക്വട്ടേഷന്‍ സംഘങ്ങളാണ് ഇവര്‍. എങ്ങനെ പണമുണ്ടാക്കാം, ജനങ്ങളെ ചൂഷണം ചെയ്യാം എന്ന് മാത്രമാണ് ഇവര്‍ ചിന്തിക്കുന്നത്. ജനങ്ങളോട് യാതൊരു കമ്മിറ്റ്‌മെന്റും ഇല്ലാത്ത വര്‍ഗമാണിവര്‍.

യു.ഡി.എഫ് എല്‍.ഡി.എഫിനേയും എല്‍.ഡി.എഫ് യു.ഡി.എഫിനേയും കുറ്റപ്പെടുത്തി നമ്മുടെ മുന്‍പില്‍ പുകമറ സൃഷ്ടിക്കും. ശരിക്കും ഇത് ഇവര്‍ ഒരുമിച്ചുള്ള പരിപാടിയാണ്. എങ്ങനെ കക്കാം, എങ്ങനെ സാധാരണക്കാരനെ ബുദ്ധിമുട്ടിച്ച് പണം ഉണ്ടാക്കാം എന്നാണ് ഇവര്‍ ചിന്തിക്കുന്നത്.

ഇതിനെതിരെ പ്രതികരിക്കാന്‍ യുവജന സംഘടനകള്‍ ഇല്ല. ചുടുചോര വാര്‍ക്കുന്ന കുറേ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉണ്ട്. വ്യാജ വാര്‍ത്ത എന്ന് കേള്‍ക്കുമ്പോഴേക്ക് മീഡിയ ഓഫീസ് അടിച്ചുപൊളിക്കുക. അതിനൊക്കെ അവര്‍ക്ക് നല്ല മിടുക്കുണ്ട്.

ഒരു രാഷ്ട്രീയ നേതാവിനെ തടഞ്ഞുനിര്‍ത്തിയിട്ട് എന്താടോ നിങ്ങള്‍ ഈ കൊച്ചിയോട് കാണിക്കുന്നത് എന്ന് ചോദിക്കാന്‍ ഒരാളുപോലുമില്ല. മേയറുടെ വീട്ടിലെ ഒരു വണ്ടി മാലിന്യം കൊണ്ട് തള്ളാന്‍ ഇവിടെ ഒരു യുവജന സംഘടനയും ഇല്ല. കോടതി കൊണ്ടൊന്നും കാര്യമില്ല. കോടതി ഇടപെട്ടു. ആര്‍ക്കാ പേടി?! കേസെടുത്തോ, ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ? എന്‍ഡോസള്‍ഫാന്‍ ദുരന്തം അനുഭവിച്ചറിഞ്ഞ ജനതയാണ് കേരളത്തിലുള്ളത്.

ഇപ്പോഴും നഷ്ടപരിഹാരം നല്‍കി കഴിഞ്ഞിട്ടില്ല. പത്ത് വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ തൊഴിലാളികള്‍ ചുമച്ച് തുപ്പാന്‍ തുടങ്ങും. അതൊന്നും ഒരു തൊഴിലാളി സംഘടനയും മനസിലാക്കുന്നില്ല. പൊളിറ്റിക്കല്‍ മാഫിയകളാണ് ഇതിന് പിന്നില്‍,’ ജോയ് മാത്യു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ബ്രഹ്‌മപുരം ദുരന്തത്തിനെതിരെ നടനും സംവിധായകനുമായ രഞ്ജി പണിക്കരും നേരത്തെ രംഗത്തെത്തിയിരുന്നു. ആശങ്ക വേണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് ഭരണാധികാരികള്‍ പറയുന്നതെന്നും അത് അത്ര ലാഘവത്തോടെ കാണേണ്ട കാര്യമേയല്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ഒരു ടൈം ബോംബാണ് കൊച്ചി നഗരത്തില്‍ കുന്നുകൂട്ടിവെച്ചിരുന്നതെന്നും ഈ ദുരന്തത്തെ നേരിടണം എന്നതിനെ സംബന്ധിച്ച് യാതൊരു രൂപരേഖയോ പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പൗരന്മാരെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കണം. ഇപ്പോള്‍ സംഭവിച്ചതിന്റെ ഭവിഷ്യത്ത് എന്താണെന്നുള്ള കൃത്യമായ പഠനങ്ങള്‍ എവിടെയും നടന്നിട്ടില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും വരും തലമുറയും എങ്ങനെയാണ് അനുഭവിക്കുന്നത് എന്നതിനെ സംബന്ധിച്ചുള്ള സാങ്കേതികമായ വിലയിരുത്തല്‍ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല.

ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ പറയുന്നത് ആശങ്ക വേണ്ടെന്നാണ്. മാസ്‌ക് വെച്ചതുകൊണ്ട് ബ്രഹ്‌മുപുരത്തെ തീ അണയുന്നില്ലല്ലോ. രാവിലെ മുതല്‍ കൊച്ചിയിലെ ജനങ്ങള്‍ ഇതാണ് ശ്വസിക്കുന്നത്. അത് അത്ര ലാഘവത്തോടെ കാണേണ്ട കാര്യമേയല്ല. ഒരു ദുരന്തമായി മാറാനുള്ള എല്ലാ സാധ്യതകളും ഉള്ള ഒരു ടൈം ബോംബാണ് ഈ നഗരത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രദേശത്ത് കുന്നുകൂട്ടിവെച്ചിരിക്കുന്നത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇവിടെ ഇതിന് മുമ്പ് തീപിടുത്തമുണ്ടായിട്ടില്ലേ. ഇത്രയും വലിയ തോതില്‍ ഉണ്ടായിട്ടില്ലന്നേയുള്ളൂ. ഇത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണമായിരുന്നു. അതുണ്ടായില്ല.

ദുരന്ത നിവാരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ജില്ലാ ഭരണാധികാരിയെ മാറ്റി. അതുവരെ സംഭവിച്ചിരുന്നതൊക്കെ ഫലപ്രദമായിരുന്നില്ല എന്ന് കൂടി വേണം അതില്‍ നിന്നും വായിച്ചെടുക്കാന്‍. അതുകൊണ്ടാണല്ലോ നേതൃത്വം കൊടുത്തിരുന്നയാളെ മാറ്റേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Kerala is ruled by political mafia says Joy Mathew