പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് ഹൈക്കോടതി; അനധികൃതമായി തങ്ങിയെന്ന കേസ് റദ്ദാക്കി
Kerala News
പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് ഹൈക്കോടതി; അനധികൃതമായി തങ്ങിയെന്ന കേസ് റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th October 2021, 8:48 pm

കൊച്ചി:കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ പാകിസ്ഥാന്‍ പൗരന്മാര്‍ അനധികൃതമായി തങ്ങിയെന്ന പേരിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഇമ്രാന്‍ മുഹമ്മദ്, അലി അസ്ഗര്‍ എന്നീ രണ്ട് പേര്‍ക്കെതിരായ കേസാണ് കോടതി റദ്ദാക്കിയത്.

പാക് പൗരന്‍മാര്‍ ഇന്ത്യയിലേക്കെത്തിയത് വ്യക്തമായ യാത്രാരേഖകളോടേയും അനുമതിയോടെയുമാണെന്ന് ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു. പാക് പൗരന്‍മാര്‍ക്കെതിരെ കേസെടുത്ത നടപടി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിയും നല്‍കി. മൂന്നു ദിവസത്തിനകം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അനധികൃതമായി രാജ്യത്തു തങ്ങിയെന്ന പേരിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നട്ടെല്ലിനേറ്റ പരിക്കിന് ചികിത്സ തേടി ആഗസ്റ്റിലാണ് ഇവര്‍ മസ്‌കത്തില്‍ നിന്ന് ചെന്നൈ വഴി കൊച്ചിയിലെത്തിയത്.

ഇവര്‍ കേരളത്തിലെത്തിയ വിവരം കാക്കനാട്ടെ സ്വകാര്യ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി തിരികെ പോകുന്നതിന്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയപ്പോഴാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

തുടര്‍ന്നു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala High court lift case against Pakistan Citizenz