പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തില്‍ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ വ്യാപക വ്യാജ അവകാശവാദവുമായി സംഘപരിവാര്‍. ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചുകൊടുക്കുന്ന കൃഷി വകുപ്പ് മന്ത്രി സുനില്‍ കുമാറിനെ ആര്‍.എസ്.എസ് കാര്യവാഹകാക്കി ദേശീയതലത്തില്‍ പ്രചരിപ്പിക്കുന്നു. കേരളാ പൊലീസിനൊപ്പം ദുരിതബാധിതര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന മന്ത്രിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആര്‍.എസ്.എസ് കാര്യവാഹകിന്റെ ചിത്രമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
#rebuildkerala #rsskerala എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയാണ് ഇത്തരമൊരു പ്രചരണം നടക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആര്‍.എസ്.എസുകാര്‍ചെയ്യുന്ന സേവനങ്ങള്‍ ലോകമറിയട്ടെ എന്ന കുറിപ്പാണ് ചിത്രത്തിനൊപ്പം പങ്കുവെയ്ക്കുന്നത്.
എന്നാല്‍ സംഘപരിവാറിന്റെ ഇത്തരം പ്രചാരണം കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും അവര്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ആദ്യമായിട്ടല്ലെന്നും മന്ത്രി സുനില്‍ കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ആവശ്യം വന്നാല്‍ പരിശോധിച്ച് വേണ്ടനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
RSS Karyavahak together with Police chief is in the process of #ReBuildKerala . #RSSinKERALA Please spread the word. RT maximum. Let the world know what we are doing in God’s own country. pic.twitter.com/WwFxBLDe3i
— Sourabh Arya (@Sourabharya21) August 20, 2018
“പ്രളയബാധിതരെ സഹായിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവിടെ, അതില്‍ ആര്‍.എസ്.എസുകാരുമുണ്ടാകാം. അതിനെയൊന്നും വില കുറച്ച് കാണുന്നില്ല. നമ്മളാരും അവരുണ്ടായിരുന്നില്ലെന്ന് പറഞ്ഞിട്ടുമില്ല. പിന്നെന്തിനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. ഒരു മന്ത്രിയുടെ ചിത്രം വെച്ച് ഈ രീതിയില്‍ പ്രചരിപ്പിച്ചാല്‍ ബാക്കിയുള്ളവരുടെ കാര്യം എന്തായിരിക്കും” മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയത്തിനിടയില്‍ നിരവധി വ്യാജപ്രചരണങ്ങളും വിദ്വേഷ പ്രചാരണവും നടത്തിയ സംഘപരിവാര്‍ കേരളത്തിലെ ഒരു മന്ത്രിയുടെ തന്നെ ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ട്രാന്‍സ്‌ഫോമര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ ആര്‍.എസ്.എസ് രക്തസാക്ഷിയാക്കിയാണ് സംഘപരിവാറിന്റെ മറ്റൊരു പ്രചരണം. പാലക്കാട് പ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ മരിച്ച സ്വയം സേവക് എന്ന തരത്തിലാണ് അയ്യപ്പപുരം സ്വദേശി രഘുനാഥിനെയാണ് സംഘപരിവാര്‍ ഈ രീതിയില്‍ പ്രചരിപ്പിക്കുന്നത്. മഴയ്ക്കിടെ മഞ്ഞക്കുളം പള്ളിക്കു സമീപത്തെ ട്രാന്‍സ്‌ഫോമര്‍ നന്നാക്കുന്നതിനിടെയായിരുന്നു രഘുനാഥിന് ഷോക്കേറ്റത്.
രക്ഷാ പ്രവര്‍ത്തനത്തിനിടെ തങ്ങളുടെ ഒമ്പത് പ്രവര്‍ത്തകര്‍ ബലിദാനിയായെന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അവകാശവാദവും വ്യാജമാണ്. സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ചിത്രത്തില്‍ 4 പേര്‍ ദേശമംഗലം കൊറ്റമ്പത്തൂര്‍ കോളനിയില്‍ ഉരുള്‍ പൊട്ടലിനിടെയായിരുന്നു മരിച്ചത്. മറ്റൊരാള്‍ ട്രാന്‍സ്‌ഫോമര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച കെ.എസ്.ഇ.ബി ജീവനക്കാരനാണ്. മറ്റൊരാള്‍ മൂവാറ്റുപുഴ സ്വദേശി പ്രസാദാണ്. അദ്ദേഹം ഹൃദയാഘാതം വന്നാണ് മരണപ്പെട്ടതെന്ന് പ്രദേശവാസിയായ ഒരാള്‍ പറയുന്നു.
“ലക്ഷക്കണക്കിന് സ്വയംസേവകരാണ് രക്ഷാദൗത്യത്തില്‍ സ്വമേധയാ പങ്കാളികളായത്. ഒമ്പതു സ്വയംസേവകര്‍ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ. ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ സ്വയംസേവകര്‍ ശുചീകരണപ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ട്. ഏറ്റവുമധികം സാധനസാമഗ്രികള്‍ ക്യാമ്പുകളിലെത്തിച്ചതും ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാരെ ദുരിതാശ്വാസത്തിനിറക്കിയതും സേവാഭാരതി പ്രവര്‍ത്തകരാണെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്കും ഉറച്ച ബോധ്യമുണ്ട്. ദയവായി പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ആരും ശ്രമിക്കരുത്”. എന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞത്.
എന്നാല്‍ ഒമ്പതു പേരില്‍ ആറു പേരും സ്വയം സേവകരോ രക്ഷാദൗത്യത്തിനിടെ മരണപ്പെട്ടവരല്ല എന്നും തെളിഞ്ഞതോടെ കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മിഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മരണത്തെ പോലും രാഷ്ട്രീയ വത്കരിക്കാന്‍ ബി.ജെ.പി മുതിരുന്നു എന്ന് സുരേന്ദ്രന്റെ പോസ്റ്റിനു മറുപടിയായി പലരും പറയുന്നു.
നേരത്തെ കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയെന്ന തരത്തില്‍ ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഗുജറാത്തിലേതാണെന്ന് തെളിഞ്ഞിരുന്നു. ട്വിറ്ററിലടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളുടെ നിജസ്ഥിതിയാണ് സോഷ്യല്‍ മീഡിയ പൊളിച്ചടക്കിയത്.
ജനങ്ങള്‍ക്ക് അരിയും ആഹാരങ്ങളും വിതരണം ചെയ്യുന്നതായി 2017 ആഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണ് കേരളത്തിലേതെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.
ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുമ്പോഴും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നുവെന്നാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് സംഘപരിവാര്‍ അവകാശപ്പെട്ടിരുന്നത്.
കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കരുതെന്നും പ്രളയം ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും ദേശീയതലത്തിലുള്ള സംഘപരിവാര്‍ അനുകൂലികള്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയഭേദമന്യേ കേരളം തള്ളിയിരുന്നു.
Looks like Kerela couldn't kill all of those RSS Terrorists. Few of them are still alive and are looting the poor floodstruck Kerelaites.
Where the hell is PFI, shouldn't they be saving these 100% literate civilians from these chaddi clad barbarians? pic.twitter.com/xPYqVr1Qht
— Chowkidar Biswajit Roy ?? (@biswajitroy2009) August 12, 2018