ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മഞ്ഞക്കടലിരമ്പുന്ന പ്രകടനമാണ് ഹോം ഗ്രൗണ്ടിൽ അരങ്ങേറിയത്. ഈസ്റ്റ് ബംഗാളിനെതിരെയുള്ള മഞ്ഞപ്പടയുടെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അസനാനിച്ചെങ്കിലും 72ാം മിനിട്ടിൽ അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവേട്ട ആരംഭിക്കുകയായിരുന്നു.
ഹർമൻജോത് ഖബ്രയുടെ കിടിലൻ ഓവർഹെഡ് പാസിലൂടെ ലൂണ വലകുലുക്കുകയായിരുന്നു. 3-1നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ കീഴ്‌പ്പെടുത്തിയത്.
സീസണിലെ ആദ്യ മത്സരത്തിൽ കോച്ച് ഇവാൻ വുകോമനൊവിച്ച് 4-4-2 ശൈലിയിയിൽ ടീമിനെ കളത്തിലിറക്കിയപ്പോൾ 3-4-1-2 എന്ന ശൈലിയാണ് ഈസ്റ്റ് ബംഗാൾ പിന്തുടർന്നത്.
ആദ്യ ഇലവനിൽ ഇറങ്ങിയ സഹൽ അബ്ദുൾ സമദിന് പകരം രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ രാഹുൽ കെ.പി. മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. കളിയുടെ ആദ്യ മിനിട്ടിൽ ഈസ്റ്റ് ബംഗാളാണ് വലയിലേക്ക് ലക്ഷ്യം വെച്ചതെങ്കിലും സുമീത് പാസി തൊടുത്ത ഗോൾ പ്രഭ്ശുഖൻ ഗിൽ കയ്യിലൊതുക്കുകയായിരുന്നു.
അഞ്ചാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തിയ ആദ്യ ഗോൾ ലൂണയുടെ അസിസ്റ്റിൽ ഫാർ പോസ്റ്റിൽ നിന്ന ലെസ്‌കോവിച്ചിന്റെ ഹെഡ്ഡറിലൂടെ പുറത്തേക്ക് തെറിച്ചു.
82ാം മിനിറ്റിൽ പകരക്കാരനായി ഉക്രൈൻ താരം ഇവാൻ കലിയുസ്നി ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന് ലീഡുയർത്താനായി. 87ാം മിനിറ്റിലാണ് അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കിയത്. എന്നാൽ തൊട്ടടുത്ത മിനിട്ടുകളിൽ തന്നെ ഇവാൻ കലിയുസ്നി ഈസ്റ്റ് ബംഗാൾ വലയിലേക്ക് മൂന്നാം ഗോൾ വിക്ഷേപിച്ചു.
KBFC 3-1 EBFC
What a start for Kerala Blasters in front of their home fans! Goals from Adrian Luna and Ivan Kalyuzhnyi give them a win! #KBFCEBFC LIVE: https://t.co/G1DRHZeLrp | #ISL pic.twitter.com/NvnOLDkIPQ
— Sportstar (@sportstarweb) October 7, 2022
ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജീത്തിന്റെ തകർപ്പൻ സേവുകളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ ജയം നിഷേധിച്ചത്. ആദ്യ മത്സരത്തോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കോച്ചിന്റെ തന്ത്രങ്ങൾ ലക്ഷ്യം കണ്ടെന്നുള്ള സൂചനയാണ് ലഭിച്ചത്.
Content Highlights: Kerala blasters wins ISL first match against East Bengal