കൊച്ചി: കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിന മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മനുഷ്യമതില്‍ തീര്‍ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടമായ മഞ്ഞപ്പട. 25 മാര്‍ച്ച് ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നഹ്‌റു സ്റ്റേഡിയത്തിന് മുന്നിലാകും ഫുട്‌ബോള്‍ ആരാധകര്‍ മനുഷ്യമതില്‍ തീര്‍ക്കുക. ഫുട്‌ബോള്‍ ആരാധകരെയും താരങ്ങളെയും ഒരുമിപ്പിച്ചുള്ള പ്രതിഷേധ സമരത്തിനാണ് മഞ്ഞപ്പട ഒരുങ്ങുന്നത്. ഞായറായ്ച ഉച്ചയ്ക്ക് 2.30 നാണ് പ്രതിഷേധം.
മഞ്ഞപ്പടയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി സ്റ്റേഡിയത്തിലെ ടര്‍ഫ് സംരക്ഷിക്കുക എന്ന ആഷ്ടാഗ് വെച്ചുള്ള ട്വീറ്റിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തേയും #SaveKochiTurf എന്ന ആഷ് ടാഗിലൂടെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു.
Read Also : ലോകകപ്പ് യോഗ്യത: അത്ഭുതങ്ങള്‍ സംഭവിക്കും; പ്രതീക്ഷ കൈവിടേണ്ടതില്ലെന്ന് റഷീദ് ഖാന്‍
ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ ഐ.എം വിജയന്‍, സച്ചിന്‍, ഗാംഗുലി, എന്നീ താരങ്ങളും താരങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം എം.പി ശശി തരൂരും പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവനും പ്രതിഷേധം അറിയിച്ചിരുന്നു.
നൂറോളം തൊഴിലാളികള്‍ കഷ്ടപ്പെട്ട് പണി എടുത്തത് കൊണ്ടാണ് കൊച്ചിയിലെ സ്റ്റേഡിയം ഇന്നത്തെ നിലയിലായത്. അവരോട് നന്ദി പറയാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ അവര്‍ ചെയ്ത കഠിനാദ്ധ്വാനം നഷ്ട്ടപെടുത്താതിരിക്കാന്‍ അധികാരികളോട് അപേക്ഷിക്കുകയാണെന്നായിരുന്നു സി.കെ വിനീത് ട്വിറ്ററിലൂടെ അറിയിച്ചത്.
കൊച്ചിയില്‍ ക്രിക്കറ്റ് നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും ഇത്തരം നീക്കം ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നുമായിരുന്നു ഐ.എം വിജയന്‍ പറഞ്ഞത്.