Advertisement
Football
135 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്; ബ്രിട്ടീഷ് ക്ലബ്ബിനെ മറികടന്ന് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 02, 05:03 am
Friday, 2nd August 2024, 10:33 am

2024 ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ വമ്പന്‍ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തുവിട്ടത്. ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

ഡ്യൂറന്റ് കപ്പിന്റെ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമെന്ന നേട്ടമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. 1888ല്‍ ആരംഭിച്ച ഡ്യൂറന്‍ഡ് കപ്പിലെ ഏറ്റവും വലിയ വിജയത്തിനായിരുന്നു ഇന്നലെ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

ഇതിനു മുമ്പ് ഡ്യൂറന്റ് കപ്പിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ബ്രിട്ടീഷ് നേവി ക്ലബ്ബായ ഹൈലാന്‍ഡ് ലൈറ്റ് ഇന്‍ഫാട്രിയാണ്. ഷിംല റൈഫിള്‍സിനെതിരെയുള്ള മത്സരത്തില്‍ 8-1 എന്ന സ്‌കോറിനായിരുന്നു ഹൈലാന്‍ഡ് ലൈറ്റ് വിജയിച്ചിരുന്നത്. നീണ്ട 135 വര്‍ഷത്തെ റെക്കോഡാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം പേരിലാക്കി മാറ്റിയത്.

പുതിയ പരിശീലകന്‍ മിഖായേല്‍ സ്റ്റാഹ്‌റയുടെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയാണ് പന്തുതട്ടിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്രയും നോഹ സദൌയും ഹാട്രിക് നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ കളത്തില്‍ . ഇഷാന്‍ പണ്ഡിതിന്റെ വകയായിരുന്നു ബാക്കി രണ്ട് ഗോള്‍.

ഗോള്‍ നേടിയതിനു പിന്നാലെ കേരള താരങ്ങള്‍ വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി തങ്ങളുടെവിജയം സമര്‍പ്പിച്ച് ആകാശത്തേക്ക് കൈ ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നു.

മത്സരത്തില്‍ 32ാം മിനിട്ടില്‍ നോഹയാണ് കേരളത്തിന്റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 39ാം മിനിട്ടില്‍ പെപ്ര ലീഡ് രണ്ടാക്കി ഉയര്‍ത്തി. തുടര്‍ന്ന് 45ാം മിനിട്ടില്‍ പെപ്ര വീണ്ടും ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതി തുടങ്ങി 50ാം മിനിട്ടില്‍ നോഹയും 53ാം മിനിട്ടില്‍ പെപ്രയും ഗോള്‍ നേടി. ഈ ഗോളോടെ പെപ്ര ഹാട്രിക്കും സ്വന്തമാക്കുകയായിരുന്നു. 76ാം മിനിട്ടില്‍ നോഹയും ഹാട്രിക് നേടിയതോടെ മുംബൈ പൂര്‍ണമായും തകരുകയായിരുന്നു. തുടര്‍ന്ന് 86ാം മിനിട്ടിലും 87ാം മിനിട്ടിലും വിശാലും ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും മഞ്ഞപ്പടയ്ക്ക് സാധിച്ചു. ഓഗസ്റ്റ് നാലിന് പഞ്ചാബ് എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 

Content Highlight: Kerala Blasters Historical Win In Durand Cup