കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് കേരളത്തില്‍ ഓട്ടോണമസ് കോളേജുകള്‍ അനുവദിക്കപ്പെട്ടത്. യൂണിവേസിറ്റികളീള്‍ ചുവപ്പ് നാഡയില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടും, ചോദ്യപ്പേപ്പറുകളും, മറ്റ് അക്കാദമിക സംബന്ധമായ കാര്യങ്ങളും ഓട്ടോണോമസ് കോളേജുകളുടെ വരവോടെ വലിയൊരളവില്‍ പരിഹരിക്കപ്പെടും എന്നതായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് പ്രധാനമായും മുന്നോട്ട് വെച്ച ന്യായവാദം.
കേരളനിയമസഭയില്‍ 2013-14 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിച്ചുക്കൊണ്ട് അന്നത്തെ ധനമന്ത്രിയായ കെ.എം മാണിയാണ് കേരളത്തില്‍ ഓട്ടോണോമസ് പദവി വിദ്യാലയങ്ങള്‍ക്ക് അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് ഓട്ടോണോമസ് കോളേജുകള്‍ അനുവദിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ ഡോ. എന്‍.ആര്‍ മാധവ മേനോന്‍ അധ്യക്ഷനായ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അന്തിന്റെ അന്തിമറിപ്പോര്‍ട്ട് പുറത്തുവരാന്‍പോലും കാത്തുനില്‍ക്കാതെയാണ് അന്നത്തെ സര്‍ക്കാര്‍ ഓട്ടോണോമസ് കോളേജുകള്‍ എന്ന പദ്ധതിയുമായി മുന്നോട്ട് പോയത്. ഇത് തന്നെ ഈ തീരുമാനങ്ങള്‍ക്ക് പിന്നിലുള്ള വിദ്യാഭ്യാസ മാഫീയയുടെ സ്വാധീനശക്തിയില്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധസ്വരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിക്കൊണ്ടാണ് അന്ന് കോളേജ് മാനേജ്‌മെന്റുകളും സര്‍ക്കാരും നേരിട്ടത്.
അന്ന് ഓട്ടോണോമസ് കോളേജുകള്‍ക്കെതിരെയുള്ള സമരത്തില്‍ മുന്നിലുണ്ടായിരുന്നു സി.പി.ഐ.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ. മഹാരാജാസിലും കോഴിക്കോട് ക്രിസ്റ്റ്യന്‍ കോളേജിലും എസ്.എഫ്.ഐ നടത്തിയ സമരങ്ങളും, പൊലീസില്‍ നിന്ന് ഏറ്റുവാങ്ങിയ കൊടിയ മര്‍ദ്ദനവും നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഓട്ടോണോമസ് പദവി കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച് 4 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിഷയത്തില്‍ യാതൊരു നടപടിയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, തുടര്‍പ്രതിഷേധങ്ങള്‍ എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നോ ഉണ്ടാവുന്നില്ല. അത് യു.ഡി.എഫ് കാലത്ത് വന്ന വിദ്യാഭ്യാസ പരിഷ്‌കരണമാണ് അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ സാധിക്കുമോ എല്‍.ഡി.എഫ് സര്‍ക്കാരിന്?.
ഓട്ടോണോമസ് ബാച്ചുകളില്‍ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ പ്രവേശനം നേടിയ ആദ്യ ബാച്ച് പാസ്സ് ഔട്ട് ആവുന്നത് ഈ വര്‍ഷമാണ്. എന്നാല്‍ വാഗ്ദാനം നല്‍കിയതുപോലെയുള്ള എന്തെങ്കിലും പുരോഗതി ഓട്ടോണോമസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കേരളത്തില്‍ ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
കാലിക്കറ്റ് യൂണിവേസിറ്റിക്ക് കീഴില്‍ സ്വയംഭരണപദവി ലഭിച്ച കലാലയങ്ങളാണ് ഫറൂഖ് കോളേജ്, ദേവഗിരി കോളേജ്, ക്രൈസ്റ്റ് കോളേജ് മുതലായവ്. ഈ കലാലയങ്ങളില്‍ നിന്ന് ആദ്യ ഓട്ടോണോമസ് ബാച്ച് പഠിച്ച് പുറത്തിറങ്ങുമ്പോള്‍ ആര്‍ക്കും ഇതുവരെ ഡിഗ്രി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതുവഴി ഉപരിപഠനത്തിലുള്ള അവസരം നഷ്ടമായ വിദ്യാര്‍ത്ഥികളുമുണ്ട്. ഇതാണോ അന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഓട്ടോണമസ് കോളേജുകളുടെ വേഗത്.യൂണിവേസിറ്റിക്ക് കീഴിലുള്ള മറ്റ് കോളേജുകള്‍ പോലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോഴാണ്, കാലിക്കറ്റ് യൂണിവേസിറ്റിക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദുര്‍ഗതി.
കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും ബി.എസ്.സി ബോട്ടണി വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥിനിയാണ് അയന. ഭാരതിയാര്‍ യൂണിവേസിറ്റിയുടെ പ്രവേശന പരീക്ഷ ജയിച്ച അയനക്ക് എം.എസ്.സി ബോട്ടണിയില്‍ അഡ്മിഷനും കിട്ടി. എന്നാല്‍ ദേവഗിരി “ഓട്ടോണോമസ്” കോളേജില്‍ നിന്നും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ അയനക്ക് ഭാരതിയാര്‍ യൂണിവേസിറ്റിയിലെ അഡ്മിഷന്‍ നഷ്ടമായിരിക്കുകയാണ്.
“”എനിക്ക് ഭാരതിയാര്‍ യൂണിവേസിറ്റിയില്‍ എന്‍ട്രന്‍സ് എഴുതി കിട്ടി. അന്ന് യൂണിവേസിറ്റിയില്‍ നിന്ന് വിളിച്ചപ്പോള്‍ തന്നെ പറഞ്ഞ കാര്യമാണ് പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ വേണമെന്ന്. ജൂണ്‍ 15ന് തന്നെ ഇതൊക്കെ സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും കോളേജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ജൂലൈ 2 വരെ യൂണിവേസിറ്റി സമയം അനുവദിച്ചു. മറ്റ് കുട്ടികള്‍ക്കൊക്കെ ഈ സര്‍ട്ടിഫിക്കറ്റുകള്‍ കൈയ്യില്‍ ഉള്ളത് കൊണ്ട് അഡ്മിഷന്‍ നേടിയെടുത്തു. യൂണിവേസ്‌ഴ്‌സിറ്റില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല എന്നാണ്. കോളേജില്‍ അന്വേഷിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞത് ഡാറ്റ നല്‍കിയെന്നും, അത് ശരിയായ ഫോമില്‍ ആയിട്ടില്ല എന്നുമാണ്. കോളേജ് അതുകൊണ്ട് ഡാറ്റ യൂണിവേസിറ്റി ഫോമിലേക്ക് മാറ്റാനുള്ള സമയം അനുവദിച്ചു. മാര്‍ച്ചില്‍ തന്നെ പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടും വന്നിരൂന്നു. അത് കഴിഞ്ഞ് 4 മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഭാരതിയാര്‍ യൂണിവേസിറ്റിയില്‍ ലഭിച്ച എന്റെ അഡ്മിഷന്‍ റദ്ദ് ചെയ്യപ്പെട്ടു””, ദേവഗിരി കോളേജിലെ വിദ്യാര്‍ത്ഥിനിയായ അയന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഈ വിഷയത്തില്‍ അന്ന് പ്രതിഷേധം ഉയര്‍ത്തിയ ഇടതുപക്ഷ സര്‍ക്കാരിനും, സ്വയംഭരണകോളേജുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്ന യു.ഡി.എഫ് സര്‍ക്കാരിനും ഒരുപോലെ പങ്കുണ്ട്. നിങ്ങളുടെ ഓട്ടോണോമസ് പരീക്ഷണം കാരണം ഉന്നതപഠനത്തിനുള്ള അവസരം നഷ്ടമായ അയനയെപ്പോലെയുള്ള വിദ്യാര്‍ത്ഥിനികളോട് എന്ത് മറുപടി പറയാനുണ്ട് നിങ്ങള്‍ക്ക്?
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അക്കാദമിക്ക് സ്വയംഭരണം കോളേജുകള്‍ക്ക് അനുവദിച്ചത് വഴി സംഭവിച്ച മറ്റൊരുപാട് ക്രമക്കേടുകള്‍ കൂടെയുണ്ട് പറയാന്‍. ദേവഗിരി കോളേജിലെ തന്നെ യൂ.യൂ.സിയായ ദൃശ്യ ദാസ് പറയുന്നത് നോക്കാം
“”പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കാലിക്കറ്റ് യൂണിവേസിറ്റിക്ക് കീഴിലുള്ള ഒരു സ്വയംഭരണ കോളേജുകളിലും ലഭിച്ചിട്ടില്ല. യൂണിവേസിറ്റിക്ക് കീഴിലുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത് നേരത്തെ തന്നെ ലഭിച്ചു. അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത് കോളേജില്‍ നിന്നും അയച്ച വിവരങ്ങളില്‍ പിഴവ് ഉണ്ടായിരുന്നുവെന്നാണ്. ഒരാഴ്ചക്കുള്ളില്‍ കിട്ടുമെന്നുമൊക്കെ ആണ് ഇപ്പൊ കോളേജ് നല്‍കുന്ന വാഗ്ദാനം. ഇതുവഴി ഒരു വിദ്യാര്‍ത്ഥിനിക്ക് അഡ്മിഷന്‍ നഷ്ടപ്പെട്ടു. ഇത് ഒരു കോളേജിന്റെ പ്രശ്‌നം അല്ല സൈന്റ് തോമസ്, ക്രൈസ്റ്റ്, ഫറൂഖ്, ക്രിസ്റ്റ്യന്‍ കോളേജ് ഇവിടെയൊക്കെ ഈ പ്രശ്‌നം ഉണ്ട്.
ഇത് മാത്രമല്ല എക്‌സാം പാറ്റേണിനൊക്കെ തുടക്കം മുതലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെട്ടന്നൊരുദിവസം രണ്ട് പേപ്പറുകള്‍ മാത്രമേ ഒരു സെമസ്റ്ററില്‍ ഇമ്പ്രൂവ് ചെയ്യാന്‍ പാടുള്ളു എന്ന നിയമം കോളേജ് കൊണ്ടുവന്നു. ഞങ്ങള്‍ എക്‌സാം കണ്ട്രോളറെ പോയി കണ്ട് നിയമം പഠിച്ച് പ്രിന്‍സിപ്പാളിനെ കണ്ടപ്പോള്‍ ഒരു അബദ്ധം പറ്റിയതാണെന്നും, രണ്ടെണ്ണം അല്ല എത്രയെണ്ണം വേണമെങ്കിലും ചെയ്യാമെന്ന് അറിയിച്ചു.
അതുപോലെ ചോദ്യപ്പേപ്പര്‍ ഇടുന്നതില്‍ ഒരുപാട് പിഴവുകള്‍ സംഭവിക്കുന്നുണ്ട്. ഞങ്ങളുടെ ജൂനിയേസിന് ഇത്തവണ ലഭിച്ച മലയാളം ചോദ്യപേപ്പര്‍ ഞങ്ങള്‍ക്ക് കിട്ടിയ അതേ ചോദ്യങ്ങളായിരുന്നു. പോയി ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതും ഇതേ അബദ്ധത്തിന്റെ കഥയാണ്. പുനപരീക്ഷ നടത്താന്‍ കോളേജ് സമ്മതിച്ചുമില്ല.
പിന്നെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരീക്ഷക്ക് 59 മാര്‍ക്കോളം ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങളാണ് വന്നത്. പരാതിയുമായി വിദ്യാര്‍ത്ഥികള്‍ സമീപിച്ചപ്പോള്‍ കോളേജ് റീടെസ്റ്റ് നടത്തി കൈകഴുകി.
ഈ അടുത്ത് നടന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷയില്‍ ബികോം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ചോദ്യങ്ങള്‍ ബി.ബി.എ സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് വന്നത്. ഇതും പുനപരിശോധന നടത്തി.
ബി.എസ്.സി ബോട്ടണിയിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ 67 മാര്‍ക്കിന് പകരം 27 മാര്‍ക്ക് എന്ന് വന്നു. പുനപരിശോധനക്ക് കൊടുത്തപ്പോഴാണ് ഒരു പേപ്പര്‍ മാറിപ്പോയത് കൊണ്ട് എല്ലാ വിദ്യാര്‍ത്ഥികളുടേയും റിസള്‍ട്ട് മാറിപ്പോയത് കണ്ടെത്തുന്നത്.
മാത്ത്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടന്ന പരീക്ഷയില്‍ നിശ്ചിത സമയത്ത് പരീക്ഷ എഴുതാന്‍ ആര്‍ക്കും സാധിച്ചില്ല. ഒടുവില്‍ അധ്യാപകര്‍ ലിബറലായി മാര്‍ക്ക് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്”” ദൃശ്യയുടെ വാക്കുകള്‍.
നോക്കൂ, എന്തുമാത്രം പ്രശ്‌നങ്ങളാണ് ഒരു കോളേജില്‍ മാത്രം ഓട്ടോണോമസ് പദവിമൂലം ഉണ്ടായതെന്ന് നോക്കു. ഇത് യൂണിവേസിറ്റിക്ക് കോളേജുകളുടെ അധികാരം ഉണ്ടായപ്പോള്‍ പോലും വരാത്ത അത്രയും പ്രശ്‌നങ്ങളുണ്ട്. പല പരാതികളും കോളേജിന്റെ സല്‍പ്പേരിന് കളങ്കം വരുമെന്ന് പേടിച്ച് കോളേജ് ഒത്തുതീര്‍പ്പാക്കുന്നു. നാക്ക് അക്രഡിറ്റേഷനില്‍ കേരളത്തില്‍ നിന്നും എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാഭ്യാസസ്ഥാപനമാണ് ദേവഗിരി. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മറ്റ് കോളേജുകളില്‍ നിന്നും ഏറെ മുന്നില്‍ നില്‍ക്കുന്ന ദേവഗിരി. അവിടെയുള്ള ക്രമക്കേടുകളും, അബദ്ധങ്ങളും ഇത്രത്തോളമെങ്കില്‍ മറ്റ് കോളേജുകളിലെ സ്ഥിതി എന്തായിരിക്കും?.
ഇത്രയേറെ പരാതികള്‍ ഓട്ടോണമസ് സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുമ്പോള്‍ പാറിപ്പോവുന്നത് സര്‍ക്കാര്‍ ഉയര്‍ത്തിയ വേഗവും കൃത്യതയുമുള്ള വിദ്യാഭ്യാസ സംവിധാനം എന്ന പൊള്ളയായ വാദമാണ്. അന്ന് ഓട്ടോണോമസ് കോളേജുകള്‍ക്കെതിരെ ശക്തമായി വാദിച്ച ഇടതുപക്ഷ സംഘടനയെങ്കിലും ഈ സംവിധാനം നീക്കം ചെയ്യാന്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്.