പ്രളയം മണ്ണിനെയും മാറ്റിമറിച്ചു; കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ
Agrarian crisis
പ്രളയം മണ്ണിനെയും മാറ്റിമറിച്ചു; കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2018, 2:24 pm

തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തിലെ മണ്ണില്‍ അമ്ലാംശം വര്‍ധിച്ചതായി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ജൈവാശം കുറവായ കേരളത്തിലെ കൃഷിഭൂമിയില്‍ വീണ്ടും ജൈവാശം കുറയാന്‍ ഇത് ഇടവരുത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓരോ കൃഷിസ്ഥലത്തേയും പരിപാലനമുറകള്‍ നടപ്പാക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കു നല്‍കുന്ന സുപ്രധാന നിര്‍ദേശം. പ്രളയം ബാധിച്ച വിവിധ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ബുധനാഴ്ച സര്‍ക്കാറിന് സമര്‍പ്പിച്ചു.

മണ്ണൊലിപ്പ്, വെള്ളക്കെട്ട്, എക്കല്‍ നിക്ഷേപം, മണല്‍ നിക്ഷേപം എന്നിവ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വ്യത്യസ്ത സാഹചര്യം സൃഷ്ടിച്ചു. മേല്‍മണ്ണ് ഒലിച്ചുപോയ മലയോരമേഖലകളിലും കുന്നില്‍ പ്രദേശങ്ങളിലും മണ്ണില്‍ നിന്ന് മേല്‍മണ്ണിനോടൊപ്പം പോഷകമൂല്യം ധാരാളമായി നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മണ്ണിന്റെ പി.എച്ച് മൂല്യം കുറയുകയും അമ്ലാംശം കൂടുകയും ചെയ്തതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:യോഗി ആദിത്യനാഥ് ശക്തനാണ്; ഞാന്‍ കൊല്ലപ്പെട്ടേക്കാം; വെളിപ്പെടുത്തലുമായി യുവതി

പുഴയോരത്ത് അടിഞ്ഞുകൂടിയ എക്കല്‍മണ്ണ് പോഷക മൂലകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ കീടനാശിനികളുടെ സാന്നിധ്യമൊന്നും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇവ വളമായി ഉപയോഗിക്കാം. എക്കലില്‍ അമ്ലത്വം നിര്‍വീര്യാവസ്ഥയിലാണ്. വലിയ അളവില്‍ എക്കല്‍ അടിഞ്ഞുകൂടുന്നത് മണ്ണിലെ വായുസഞ്ചാരത്തിനും വേരോട്ടത്തിനും തടസമാകും. മണ്ണ് പരിശോധന നടത്തി ആവശ്യാനുസരണം കാത്സ്യം, മഗ്നീഷ്യം എന്നിവ ചേര്‍ത്ത് മണ്ണിനെ ഫലഭൂയിഷ്ടമാക്കാമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഒന്നരമാസത്തോളം വെള്ളം കെട്ടിനിന്ന കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മണ്ണില്‍ ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തി. ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂലകങ്ങള്‍ ആവശ്യമായ അളവിലില്ല. ദ്വിതീയ മൂലകങ്ങളായ കാത്സ്യം, സള്‍ഫര്‍ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. സൂക്ഷ്മ മൂലകങ്ങളായ ചെമ്പിന്റെയും സിങ്കിന്റെയും അളവും അധികമാണ്. കുട്ടനാട്ടിലെ മണ്ണില്‍ ജൈവാംശം കൂടുതലായതിനാല്‍ ഇത് ഉല്പാദനത്തിന് പ്രതികൂലമാകില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുട്ടനാടില്‍ അടിഞ്ഞുകൂടിയ എക്കല്‍മണ്ണിന്റെ അളവ് ഇവിടെ വ്യത്യസ്ത തരത്തിലാണ്. അപ്പര്‍ കുട്ടനാട്ടില്‍ ഒന്നര സെന്റീമീറ്റര്‍ മുതല്‍ 17 സെന്റീമീറ്റര്‍ വരെ അളവില്‍ എക്കലടിഞ്ഞപ്പോള്‍ ലോവര്‍ കുട്ടനാട്ടില്‍ ഇത് പരമാവധി ആറ് സെന്റീമീറ്ററാണ്. മണ്ണിലെ അമ്ലാംശവും ലവണാംശവും നെല്‍കൃഷിക്ക് യോജിച്ച അളവിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൈവിക കാര്‍ബണ്‍ ഉയര്‍ന്ന നിലയിലാണെങ്കിലും ചെടിയ്ക്ക് വലിച്ചെടുക്കാവുന്ന രീതിയില്‍ നൈട്രജന്‍ ആയിത്തീരുന്നതിനു കാലതാമസം നേരിടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

പുഞ്ചകൃഷി ചെയ്യുന്നതിനായി വെള്ളം വാര്‍ത്തുകളഞ്ഞ് നിലമൊരുക്കുമ്പോള്‍ മണ്ണില്‍ വായുസഞ്ചാരം മെച്ചപ്പെടുന്നതിന്റെയും മൂലകങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുന്നതിന്റെയും ഫലമായി മൂലകങ്ങളുടെ ലഭ്യതയില്‍ നിലവിലെ അളവിനേക്കാള്‍ വ്യത്യാസം വരും. അതിനാല്‍ വിതയ്ക്കുന്നതിനു മുമ്പ് പാടശേഖരത്തില്‍ നിന്നും മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോള്‍നിലങ്ങളില്‍ കൃഷിയിറക്കുമ്പോള്‍:

കേരളത്തിലെ കോള്‍നിലങ്ങളില്‍ കൃഷിയിറക്കുമ്പോള്‍ മണ്ണുപരിശോധിച്ചശേഷമേ വളപ്രയോഗം നടത്താവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഇവിടങ്ങളില്‍ അമ്ലത്വം നേരിയതോതില്‍ അധികമാണ്. പൊട്ടാസ്യം വളരെ കുറഞ്ഞ അളവിലാണ്. ലവണാംശം അനുവദനീയമായ അളവിലാണ്. ജൈവകാര്‍ബണിന്റെ അളവ് ശരാശരിയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രളയാനന്തരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിനും പരിസ്ഥിതിക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പാണ് ഇതുസംബന്ധിച്ച പഠനത്തിന് നിര്‍ദേശം നല്‍കിയത്.

പ്രളയാനന്തരം തെങ്ങിന്റെ കൂമ്പുചീയല്‍, കുരുമുളകിന്റെ ദ്രുതവാട്ടം, കവുങ്ങിന്റെ മഹാളി, ജാതി, മറ്റ് സുഗന്ധ വിളകള്‍ക്കുണ്ടാകുന്ന അഴുകല്‍, ഏലത്തിന്റെ മൂട് ചീയല്‍, റബ്ബറിന്റെ ഇലകൊഴിച്ചില്‍ തുടങ്ങി പല രോഗങ്ങളും പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപോകുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.