കോട്ടയം: ആര്‍.എസ്.എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിക്കെതിരെ കത്തോലിക്കാ സഭയുടെ യുവജന വിഭാഗമായ കെ.സി.വൈ.എം. ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ ദേവ സഹായം പിള്ളക്കെതിരെ ലേഖനമെഴുതിയ വഷയത്തിലാണ് കെ.സി.വൈ.എം രംഗത്തെത്തിയത്.
‘ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും’ എന്ന തലക്കെട്ടോടെ കേസരിയില്‍ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിനെതിരാണ് വിമര്‍ശനം. ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ വളരെ ക്രൂരമായാണ് കേസരി വളച്ചൊടിച്ചതെന്നും ലേഖനം പിന്‍വലിച്ച് ആര്‍.എസ്.എസ് മാപ്പ് പറയണമെന്നും കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ദേവസഹായം പിള്ളയെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്ന ലേഖനമാണിതെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി ആരോപിച്ചു.
ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായം പിള്ളയെന്നാണ് കേസരിയിലെ ലേഖനത്തില്‍ ആരോപിക്കുന്നത്. ദേവസഹായം പിള്ളയെ വാഴ്ത്തിക്കൊണ്ടുള്ള കഥകള്‍ മതം മാറ്റ പദ്ധതിയുടെ ഭാഗമായി മെനഞ്ഞെടുത്തതാവാനാണ് സാധ്യതയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സാമ്പത്തിക പരാധീനതകളനുഭവിച്ചിരുന്ന ദേവസഹായം പിള്ളയെ ഇത് മുതലെടുത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയതാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.
ഹിന്ദു കുടുംബത്തില്‍ ജനിച്ച്, പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ദേവസഹായം പിള്ളയെ 1752 ലാണ് രാജകല്‍പ്പന പ്രകാരം വെടിവെച്ചുകൊന്നത്.
ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസാക്കുകയും മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മതപരിവര്‍ത്തനത്തിന്റെ പേരില്‍ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ നേരത്തെ വത്തിക്കാന്‍ വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നത്.